അതീവ രഹസ്യം മാർപാപ്പ തിരഞ്ഞെടുപ്പ്
വത്തിക്കാനിൽ നടക്കുന്ന കോൺക്ലേവ് എന്നറിയപ്പെടുന്ന രഹസ്യയോഗത്തിലാണ് മാർപാപ്പയെ തിരഞ്ഞെടുക്കുന്നത്. ഒരു മാർപാപ്പ മരിക്കുകയോ രാജിവയ്ക്കുകയോ ചെയ്യുമ്പോഴാണ് കോൺക്ലേവ് ചേരുക. 1379 മുതൽ കോളേജ് ഒഫ് കർദ്ദിനാൾസിൽ നിന്നാണ് മാർപാപ്പയെ തിരഞ്ഞെടുക്കുന്നത്. നിലവിൽ 252 കർദ്ദിനാൾമാർ ഇതിലുണ്ട്.
ഇതിൽ 80 വയസിൽ താഴെയുള്ള 138 പേർക്ക് കോൺക്ലേവിൽ വോട്ടവകാശമുണ്ട്. ഇവരിൽ 110 പേരെയും നിയമിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലാണ് കോൺക്ലേവ് നടക്കുക. കോൺക്ലേവിൽ ദിവസം നാലു റൗണ്ട് വോട്ട് കാണും. രാവിലെ രണ്ട്, വൈകിട്ട് രണ്ട്. മാർപാപ്പ സ്ഥാനാർത്ഥികളിൽ ഒരാൾക്ക് മൂന്നിൽ രണ്ട് വോട്ട് ലഭിക്കും വരെ ഈ പ്രക്രിയ തുടരും.
മാർപാപ്പയുടെ മരണശേഷം 15- 20 ദിവസത്തിനിടെ കോൺക്ലേവ് തുടങ്ങും. പ്രക്രിയ അതീവ രഹസ്യമാണ്. ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് ഉയരുന്ന പുകയുടെ നിറത്തിലൂടെയാണ് മാർപാപ്പയെ തിരഞ്ഞെടുത്തോ ഇല്ലയോ എന്ന് പുറംലോകം അറിയുന്നത്. കറുത്ത പുകയാണെങ്കിൽ തിരഞ്ഞെടുത്തില്ലെന്ന് അർത്ഥം. വെളുത്ത പുകയെങ്കിൽ തിരഞ്ഞെടുത്തു.
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി പുതിയ പേര് സ്വീകരിക്കും. തന്റെ മുൻഗാമികളുടെയോ വിശുദ്ധരുടെയോ പേര് സ്വീകരിക്കാം. തുടർന്ന് മുതിർന്ന കർദ്ദിനാൾ ഡീക്കൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിലെത്തി പാപ്പയെ പ്രഖ്യാപിക്കും. തുടർന്ന് പുതിയ മാർപാപ്പ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട്, വിശ്വാസി സമൂഹത്തെ അനുഗ്രഹിക്കും.
ആരാകും പുതിയ പാപ്പ?
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി നിരവധി പേരുകൾ ഉയരുന്നുണ്ട്. അതിൽ ചിലർ;
1. കർദ്ദിനാൾ പിയട്രോ പരോളിൻ (70)- ഇറ്റലി
2. കർദ്ദിനാൾ റോബർട്ട് സാറ (79)- ഗിനി
3. കർദ്ദിനാൾ മാറ്റിയോ സുപ്പി (69)- ഇറ്റലി
4. കർദ്ദിനാൾ പീറ്റർ ടർക്‌സൺ (76)- ഘാന
5. കർദ്ദിനാൾ പീറ്റർ എർഡോ (72)- ഹംഗറി
6. കർദ്ദിനാൾ ലൂയിസ് ആന്റണിയോ ടാഗിൾ (67)- ഫിലിപ്പീൻസ്