'ഞാൻ ജനത്തിൽ ഒരാൾ"
അസീസിയിലെ ഫ്രാൻസിസ്... ഭൂമിയിലെ സകല ചരാചരങ്ങളോടും കരുണയും സ്നേഹവും ചൊരിഞ്ഞ വിശുദ്ധൻ. പാവപ്പെട്ട മനുഷ്യർക്കായി ജീവിതം സമർപ്പിച്ച പുണ്യാളൻ. ഒരു ദശാബ്ദം മുന്നേ 76-ാം വയസിൽ കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനാരോഹണം ചെയ്തപ്പോൾ ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചത് അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമമാണ്.
കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചത്. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി 12 വർഷത്തോളം അദ്ദേഹം ലോകത്ത് വിശ്വാസത്തിന്റെ വെളിച്ചം വീശി. പാവപ്പെട്ടവരുടെ പക്ഷത്തുനിന്ന മാർപാപ്പ എളിമയുടെ പ്രതീകമായി. സഭയിൽ നിന്ന് വിശ്വാസികൾ അകലുന്ന ഈ കാലത്ത് യുവാക്കളെ അടക്കം വിശ്വാസത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിക്കാൻ അദ്ദേഹം ശ്രമിച്ചു.
ലാറ്റിൻ അമേരിക്കയിൽ നിന്ന് മാർപാപ്പയായ ആദ്യ വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പ. 1936 ഡിസംബർ 17ന് അർജന്റീനയിൽ ബ്യൂണസ് ഐറിസിലെ ഫ്ലോർസിൽ മാരിയോ ജോസ് ബെർഗോളിയോയുടെയും റെജീന മരിയ സിവോരിയുടെയും അഞ്ച് മക്കളിൽ മൂത്തയാളായി ജനനം.
റെയിൽവേയിൽ അക്കൗണ്ടന്റായ മാരിയോയുടെയും വീട്ടമ്മയായ റെജീനയുടെയും വേരുകൾ ഇറ്റലിയിലാണ്. മാരിയോയുടെ കുടുംബം 1929ൽ ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിൽ നിന്ന് രക്ഷപ്പെട്ട് അർജന്റീനയിലെത്തിയതാണ്.
കെമിക്കൽ ടെക്‌നീഷ്യൻ ഡിപ്ലോമ നേടിയെങ്കിലും പുരോഹിതന്റെ പാതയിലേക്ക് ഫ്രാൻസിസ് എത്തുകയായിരുന്നു. 1958ൽ സൊസൈറ്റി ഒഫ് ജീസസിന്റെ ഭാഗമായി. ചിലിയിൽ നിന്ന് ഹ്യുമാനിറ്റീസ് പഠനം പൂർത്തിയാക്കി 1963ൽ അർജന്റീനയിൽ തിരിച്ചെത്തിയ അദ്ദേഹം ഫിലോസഫിയിൽ ബിരുദം നേടി.
1964- 1966 കാലയളവിൽ സാന്റാ ഫേയിലെയും ബ്യൂണസ് ഐറിസിലെയും കോളേജുകളിൽ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിച്ചു. 1967- 70 കാലയളവിൽ ദൈവശാസ്ത്രത്തിൽ ബിരുദം നേടി. 1969ൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട ഫ്രാൻസിസ് മാർപാപ്പ 1973ൽ അർജന്റീനയിലെ സൊസൈറ്റി ഒഫ് ജീസസിന്റെ തലവനായി. ഇതിനിടെ സർവകലാശാല മേഖലയിലും ജോലി ചെയ്തു.
1998ൽ ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ്പായി. 2001ൽ കർദ്ദിനാൾ ആയി ഉയർത്തപ്പെട്ടു. 2005ൽ അർജന്റൈൻ എപിസ്‌കോപ്പൽ കോൺഫറൻസ് അദ്ധ്യക്ഷനായി. കർദ്ദിനാൾ ആയിരിക്കെ സൗകര്യങ്ങൾ ഉപേക്ഷിച്ച് സാധാരണക്കാരനെ പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ബസിൽ യാത്ര ചെയ്യുന്ന, സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്ന അദ്ദേഹം ലാറ്റിൻ അമേരിക്കൻ നാടുകളിൽ ജനപ്രീതി നേടി.
ബെനഡിക്‌ട് പതിനാറാമൻ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞതോടെ 2013 മാർച്ച് 13ന് ആഗോള കത്തോലിക്ക സഭയുടെ 266-ാമത് പരമാധികാരിയായി നിയോഗിക്കപ്പെട്ടു. 'എന്റെ ജനം പാവപ്പെട്ടവരാണ്. ഞാനും അവരിൽ ഒരാളാണ്" - അദ്ദേഹം പറയാറുണ്ടായിരുന്നു.