സമാധാനത്തിനായി ശബ്ദമുയർത്തി

Tuesday 22 April 2025 1:26 AM IST

യുദ്ധത്തിന്റെ ഭീകരതയ്ക്കെതിരെ നിലകൊണ്ട ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. യുക്രെയിനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. യുക്രെയിൻ യുദ്ധത്താൽ തകർന്നുകൊണ്ടിരിക്കുകയാണെന്നും യുക്രെയിനിൽ രക്തത്തിന്റെയും കണ്ണീരിന്റെയും നദികൾ ഒഴുകുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഘർഷത്തിൽ മദ്ധ്യസ്ഥത വഹിക്കാനും താത്പര്യം പ്രകടിപ്പിച്ചു. ഗാസയിലെ കുഞ്ഞുങ്ങളെ ബോംബിട്ട് കൊല്ലുന്നത് ക്രൂരതയാണെന്ന മാർപാപ്പയുടെ പരാമർശം ഇസ്രയേലിന്റെ വിമർശനത്തിനും ഇടയാക്കി. ഗാസയിൽ മാനുഷിക സഹായവും വെടിനിറുത്തലും ഉറപ്പാക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും അദ്ദേഹം നിരന്തരം ആവർത്തിച്ചു.കഴിഞ്ഞ ദിവസം ഈസ്റ്റർ അനുഗ്രഹ സന്ദേശത്തിലും ഇക്കാര്യം പറഞ്ഞു. ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് മഹാമാരി കാലത്ത് പ്രാർത്ഥനകളിലൂടെയും സമാധാന സന്ദേശങ്ങളിലൂടെയും വിശ്വാസികൾക്ക് അദ്ദേഹം ആത്മവിശ്വാസം പകർന്നിരുന്നു.