പകർച്ചവ്യാധി അരികെ, ശുചികീരണം അകലെ

Tuesday 22 April 2025 1:34 AM IST

കോട്ടയം: ഇടവിട്ടു പെയ്യുന്ന വേനൽ മഴമൂലം പകർച്ച വ്യാധികൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുമ്പോഴും മഴക്കാല പൂർവ ശുചീകരണത്തെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല. ജലാശയങ്ങളും പാതയോരങ്ങളും മലിനപ്പെട്ടുകിടക്കുന്നു. സമ്പൂർണ മാലിന്യ മുക്തജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചിട്ടും മാലിന്യത്തിന് കുറവൊന്നുമില്ല.എലിപ്പനി, ഡങ്കിയടക്കം കൊതുകുജന്യ രോഗങ്ങൾ എന്നിവയിൽ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ

പാത്രങ്ങളിലും കുപ്പികളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. ഉപയോഗശൂന്യമായ വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുത്. ടെറസിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. തുറസായ സ്ഥലങ്ങളിലും വീടിന്റെ പരിസരത്തും ഉപയോഗശൂന്യമായി കിടക്കുന്ന ചെറുപാത്രങ്ങൾ, കുപ്പികൾ, ചിരട്ടകൾ, അടപ്പുകൾ തുടങ്ങിയവ ശേഖരിച്ച് മഴ നനയാത്ത വിധം സൂക്ഷിക്കണം. റബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തി വയ്ക്കണം. ടയറുകൾ, വെട്ടിയ കരിക്കുകൾ, വെള്ളം കെട്ടിക്കിടക്കാൻ സാദ്ധ്യതയുള്ള കുഴികൾ തുടങ്ങിയവയുടെ ഉൾഭാഗം മണ്ണിട്ട് മൂടണം.

എങ്ങും മാലിന്യം

സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളമെന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യ മുക്തമാണെന്ന പ്രഖ്യാപനം നടത്തി. എന്നാൽ കാര്യങ്ങൾ പഴയപടിയാണ്. കോടിമതയിൽ മാലിന്യം ഇപ്പോഴും പരസ്യമായി തള്ളുന്നു. നഗരത്തിലെ തോടുകളെല്ലാം മാലിന്യമാണ്. എം.സി റോഡിൽ പട്ടിത്താനം മുതൽ പുതുവേലി വരെയുള്ള ഇരുവശങ്ങളും പെരുവ തലയോലപ്പറമ്പ് റോഡിൽ കുറുവേലി പാലത്തിന് സമീപം മാലിന്യം തള്ളുന്നതും തുടരുന്നു. മീനച്ചിലാറും മണിമലയാറും പതിവ് പോലെ മാലന്യമയം. ഓടകളൊന്നും വൃത്തിയാക്കിത്തുടങ്ങിയിട്ടില്ല.

ജാഗ്രത വേണം

ശുദ്ധ ജലം മാത്രം കുടിക്കുക

കടുത്ത വെയിലത്ത് ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം

 കയ്യിൽ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുക.

പാനീയങ്ങൾ, പഴച്ചാറുകൾ കുടിക്കുമ്പോഴും പ്രത്യേക ശ്രദ്ധ