ശത്രുരാജ്യത്തെപോലെ കാണുന്നുവെന്ന് പ്രതിപക്ഷ എം.എൽ.എമാർ, കഴിവ് കേട് മറക്കാനെന്ന് ഭരണ പക്ഷം
പ്രതിപക്ഷ എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ ഒരു വികസനവും നടക്കരുതെന്ന ചിറ്റമ്മ നയമാണ് ഭരണ പക്ഷത്തിനെന്ന് ആരോപണം ഉയരുമ്പോൾ, സ്വന്തം കഴിവുകേട് മറച്ചുവെക്കാനുള്ള പഴിചാരൽ മാത്രമെന്നാണ് ഭരണപക്ഷം തിരിച്ചടിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉപവാസസമരം അടക്കം പ്രതിഷേധവുമായി പ്രതിപക്ഷ എം.എൽ.എമാർ യുദ്ധമുഖത്തിറങ്ങിയ കാഴ്ചയാണ് ചുറ്റുവട്ടത്തിപ്പോൾ.
കോട്ടയം മണ്ഡലത്തെ ശത്രുരാജ്യത്തെ പോലെ ഇടതു സർക്കാർ കാണുകയാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണം. ആകാശപാത എങ്ങുമെത്താതെ എയറിലായത് ഈ സർക്കാർ നശിപ്പിച്ചതു കൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്ന തിരുവഞ്ചൂർ സൂര്യ കാലടി റഗുലേറ്റർ കം ബ്രിഡ്ജ്, കോട്ടയം വിജയപുരം കുടിവെള്ള പദ്ധതി, കഞ്ഞിക്കുഴി മേൽപ്പാലം, ചിങ്ങവനം സ്പോർട്സ് ഹബ്, കെ.എസ്.ആർ.ടി.സി ടെർമിനൽ, ഈരയിൽക്കടവ് ബൈപാസ് കാക്കൂർ വരെ നീട്ടി എം.സി റോഡിന് സമാന്തര പാതയാക്കൽ, നാഗമ്പടം നെഹ്‌റു സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് നിർമ്മാണം തുടങ്ങി പല പദ്ധതികളും പാതി വഴിയിൽ നിലച്ചത് ഇടതു സർക്കാർ കോട്ടയത്ത് ഒരു വികസനവും വേണ്ടെന്ന നിലപാട് എടുത്തതു കൊണ്ടാണെന്ന് ആരോപിക്കുന്നു. അതേസമയം സ്ഥലം ഏറ്റെടുക്കാതെ പല വികസന പദ്ധതികൾക്കും കല്ലിട്ടതിന്റെ കുഴപ്പമാണെന്നു കുറ്റപ്പെടുത്തി വീണ്ടു വിചാരമില്ലാതെ തുടങ്ങിയ ആകാശ പാത പൊളിച്ചു കളയാൻ ഹൈക്കോടതി പറഞ്ഞതും അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്താതെ ഉദാഹരണമായി ഉയർത്തിക്കാട്ടുന്നു.
പുതുപ്പള്ളി മണ്ഡലത്തെ അവഗണിക്കുകയാണെന്നാരോപിച്ച് ചാണ്ടി ഉമ്മൻ പാമ്പാടിയിൽ ഉപവാസസമരം നടത്തിയിരുന്നു.പാലായോട് അവഗണന മാത്രമല്ല അവഹേളനമാണെന്നാണ് മാണി സി കാപ്പന്റെ കുറ്റപ്പെടുത്തൽ. കടുത്തുരുത്തിയിൽ കേന്ദ്രീയ വിദ്യാലയം നിർമിക്കാൻ എട്ടേക്കർ സ്ഥലം നികത്താൻ അനുമതി തേടിയിട്ട് ഒമ്പതു വർഷമായിട്ടും അനുമതി ലഭിച്ചില്ല. കേന്ദ്ര സർക്കാർ അനുവദിച്ച 30 കോടി രൂപ പാഴാകുന്ന അവസ്ഥയാണെന്ന് മോൻസ് ജോസഫ് ആരോപിക്കുന്നു .
സി.പിഎമ്മിന്റെ പുതിയ ജില്ലാസെക്രട്ടറി ടി.ആർ. രഘുനാഥൻ ഈ ആരോപണങ്ങളെല്ലാം തള്ളുകയാണ്.
കോട്ടയം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് 1000 കോടിയുടെ വികസനം നടന്നു. കോട്ടയം മണ്ഡലത്തിലുള്ളജില്ലാ ആശുപത്രിക്ക് ബഹുനിലമന്ദിരം ഉയരുന്നു. കോടിമത രണ്ടാം പാലം പണി അവസാന ഘട്ടത്തിലായി. കേരളത്തിൽ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെടുന്ന ആകാശപാത എന്തിന് വേണ്ടിയെന്ന് തിരുവഞ്ചൂരിന് പോലും അറിയില്ല.
അക്ഷര മ്യൂസിയം, മിക്ക സർക്കാർ സ്കൂളുകളിലെയും ഭൗതിക സാഹചര്യം ഉയർത്തി , റോഡുകൾ മികച്ച നിലയിലാക്കി. ഇങ്ങനെ നേട്ടങ്ങളുടെ പട്ടിക നിരത്തുമ്പോൾ മിക്ക വികസനവും ഇടതു എംഎൽഎമാരുടെ മണ്‌ഡലത്തിലാണെന്നാണ് പ്രതിപക്ഷ എം.എൽ.എമാരുടെ മറുപടി.
ഇങ്ങനെ കൊണ്ടും കൊടുത്തും ഇടതു -യുഡിഎഫ് എം.എൽ.എമാരുടെ 'യുദ്ധം 'തദ്ദേശ , നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഉടനെങ്ങും അവസാനിക്കില്ല ഇനിയും രൂക്ഷമാകാനാണ് സാദ്ധ്യതയെന്നാണ് ചുറ്റുവട്ടത്തിന്റെ വിലയിരുത്തൽ.