മരണ വാർത്ത അറിയിച്ചത് കർദ്ദിനാൾ കെവിൻ ഫാരൽ

Tuesday 22 April 2025 2:39 AM IST

വത്തിക്കാൻ: 'റോമിന്റെ ബിഷപ്പ്,ഫ്രാൻസിസ്,പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി...." വത്തിക്കാനിലെ കാസ സാന്റ മാർത്ത വസതിയിൽ നിന്ന് കർദ്ദിനാൾ കെവിൻ ഫാരൽ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ വാർത്ത ലോകത്തെ അറിയിച്ചു. മാർപാപ്പയുടെ മരണ വാർത്ത അഗാത ദുഃഖത്തോടെ വെളിപ്പെടുത്തിയ അദ്ദേഹം,സേവനത്തിനായും ദരിദ്രരുടെ ക്ഷേമത്തിനായും സമർപ്പിച്ച മാർപാപ്പയുടെ ജീവിതത്തെ അനുസ്മരിക്കുകയും ചെയ്തു. വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങളും ആസ്തികളും കൈകാര്യം ചെയ്യുന്ന 'കാമർലെംഗോ" ആണ് കെവിൻ ഫാരൽ.

മാർപാപ്പയുടെ ചെവിയിൽ കാമർലെംഗോ മാമോദിസ പേര് മൂന്നു തവണ വിളിക്കും. മൂന്ന് തവണയും പ്രതികരിക്കാതിരുന്നാൽ മരിച്ചതായി സ്ഥിരീകരിക്കും (ഇതിനു ശേഷം ചെറിയ വെള്ളി ചു​റ്റിക കൊണ്ട് നെ​റ്റിയിൽ അടിക്കുന്ന രീതി 1963 വരെ നിലനിന്നിരുന്നു). തുടന്ന് മാർപാപ്പയുടെ അപ്പാർട്ട്മെന്റ് പൂട്ടും. പാപ്പയുടെ അധികാര ചിഹ്നങ്ങളായ ഫിഷർമാൻസ് റിംഗും സീലും നശിപ്പിക്കും. മാർപാപ്പയുടെ അധികാരം അവസാനിച്ചതായി ഇതിലൂടെ അടയാളപ്പെടുത്തുന്നു. ശേഷം കോളേജ് ഒഫ് കർദ്ദിനാൾസിനെയും ശേഷം പൊതുജനങ്ങളെയും മരണ വാർത്ത ഔദ്യോഗികമായി അറിയിക്കും. മാർപാപ്പയുടെ സംസ്കാരം 4-6 ദിവസത്തിനുള്ളിൽ നടത്തണമെന്നാണ് നിയമം. ശേഷം 9 ദിവസത്തെ ദുഃഖാചരണം. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് വരെ വത്തിക്കാന്റെ മേൽനോട്ടം കാമർലെംഗോ ആയ കർദ്ദിനാൾ കെവിൻ ഫാരലിനാണ്.

ഇന്നലെ പ്രാദേശിക സമയം രാത്രി 8ന് (ഇന്ത്യൻ സമയം രാത്രി 11.30) കാസ സാന്റ മാർത്തയിലെ ചാപ്പലിനുള്ളിലായിരുന്നു മാർപാപ്പയുടെ മരണവാർത്ത സ്ഥിരീകരിക്കുന്നതിനും അദ്ദേഹത്തിന്റെ ഭൗതികദേഹം പെട്ടിയിൽ സ്ഥാപിക്കുന്നതിനുള്ള ചടങ്ങുകൾ നടന്നത്. കോളേജ് ഒഫ് കർദ്ദിനാൾസിന്റെ തലവൻ കർദ്ദിനാൾ ജിയോവനി ബാറ്റിസ്റ്റ റേ,മാർപാപ്പയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.