അനശ്വര നക്ഷത്രം...
ഈസ്റ്റർ പിറ്റേന്ന് യാത്രയായി മാർപാപ്പ, അവസാന സന്ദേശവും ഗാസയ്ക്കായി
വത്തിക്കാൻ: 'ഗാസയിലെ സ്ഥിതി പരിതാപകരമാണ്. ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണം. പട്ടിണിയിലായ ജനങ്ങൾക്ക് സഹായമെത്തിക്കണം. ഗാസയിൽ അടിയന്തര വെടിനിറുത്തൽ നടപ്പാക്കണം..." തന്റെ അവസാന സന്ദേശത്തിലും ഗാസയിലെ മനുഷ്യരെ ഫ്രാൻസിസ് മാർപാപ്പ മറന്നില്ല. യുദ്ധം പൊട്ടിപ്പുറപ്പെട്ട നാൾ മുതൽ വെടിനിറുത്തലിനായും ബന്ദികളുടെ മോചനത്തിനായും മാനുഷിക സഹായ വിതരണത്തിനായും അദ്ദേഹം തുടരെ ആഹ്വാനം ചെയ്തു.
രോഗത്തിന്റെ അവശതകൾ പിടിമുറുക്കുന്ന വേളയിലും എഴുതി തയ്യാറാക്കിയ മാർപാപ്പയുടെ സന്ദേശങ്ങളിലും ഗാസ യുദ്ധം മുഖ്യ വിഷയമായിരുന്നു. അതേസമയം, ഈസ്റ്റർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയില്ലെങ്കിലും വിശ്വാസികളെ അനുഗ്രഹിക്കാൻ മാർപാപ്പ എത്തിയിരുന്നു. ഈസ്റ്റർ വിജിൽ ചടങ്ങുകൾക്ക് മുമ്പ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഹ്രസ്വ സന്ദർശനം നടത്തി.
ഈസ്റ്റർ ദിവ്യബലിക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികൾക്കിടെയിലൂടെ തന്റെ പ്രത്യേക വാഹനത്തിൽ അദ്ദേഹം സഞ്ചരിച്ചു. ആശുപത്രി വാസത്തിന് ശേഷം ജനക്കൂട്ടത്തിന് നടുവിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിച്ചത് ആദ്യമായിട്ടായിരുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിലെത്തി വിശ്വാസികളെ അനുഗ്രഹിച്ചു.
പെസഹ ദിനത്തിൽ റോമിലെ റെജീന ചേലി ജയിലിലും അദ്ദേഹം അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. ഇറ്റലിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജയിലുകളിൽ ഒന്നായ റെജീന ചേലിയിലെത്തിയ മാർപാപ്പ ജയിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ഈസ്റ്റർ ആശംസ നേർന്നു. വത്തിക്കാനിൽ നിന്ന് വാഹനമാർഗ്ഗം 5 മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരമാണ് റെജീന ചേലിയിലേക്ക്. ഈ മാസം 6 മുതലാണ് മാർപാപ്പ പൊതുവേദിയിൽ ചെറിയ രീതിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അദ്ദേഹം ആദ്യം ട്യൂബിലൂടെയുള്ള ഓക്സിജൻ പിന്തുണ ഉപയോഗിച്ചാണ് പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു.
അവസാനം കണ്ടത് വാൻസിനെ
വാഷിംഗ്ടൺ: ഈസ്റ്റർ ദിനത്തിൽ വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ച ഓർമ്മിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. മാർപാപ്പയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഏതാനും മിനിറ്റുകൾ മാത്രമാണ് ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടത്. അദ്ദേഹം വളരെ ക്ഷീണിതനായിരുന്നെന്നും അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ടെന്നും വാൻസ് എക്‌സിൽ കുറിച്ചു. മാർപാപ്പയുമായി അവസാനം കൂടിക്കാഴ്ച നടത്തിയ ലോകനേതാവാണ് വാൻസ്. ഈ മാസം 9ന് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവും കാമില്ല രാജ്ഞിയും മാർപാപ്പയെ കണ്ടിരുന്നു.
600 വർഷത്തിനിടെ ലഭിച്ച സവിശേഷത
റോം: മുൻ മാർപാപ്പ ബെനഡിക്‌ട് പതിനാറാമന്റെ സംസ്കാരം നടത്തിയത് വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമ്മികത്വത്തിലായിരുന്നു. ഇതോടെ 600 വർഷത്തിനിടെ ആദ്യമായി തന്റെ മുൻഗാമിക്കായി അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം വഹിച്ച പദവിയിൽ തുടരുന്ന മാർപാപ്പയെന്ന സവിശേഷത ഫ്രാൻസിസിന് ലഭിച്ചു. വാർദ്ധക്യ സഹജമായ അവശതകളെ തുടർന്ന് 2022 ഡിസംബർ 31നായിരുന്നു ബെനഡിക്‌ട് പതിനാറാമൻ അന്തരിച്ചത്. ആറ് നൂറ്റാണ്ടിനിടെ ആദ്യമായി മാർപാപ്പ പദവി ത്യജിച്ച ബെനഡിക്‌ട് പതിനാറാമൻ പോപ്പ് എമിറിറ്റസ് പദവിയിൽ വത്തിക്കാനിൽ വിശ്രമത്തിലായിരുന്നു.
ചെറുപ്പം മുതൽ ശ്വാസകോശ പ്രശ്‌നങ്ങൾ
ചെറുപ്പം മുതൽ ശ്വാസകോശ പ്രശ്നങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ അലട്ടിയിരുന്നു. 21-ാം വയസിൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ന്യുമോണിയ പിടിപെടുകയും അണുബാധ മൂലം ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കുകയും ചെയ്തു. സമീപ വർഷങ്ങളിൽ ശൈത്യകാലത്ത് ബ്രോങ്കൈറ്റിസ്, പനി എന്നിവയും അലട്ടി. കാൽമുട്ടിലെ പ്രശ്നങ്ങൾ മൂലം വീൽചെയറോ വാക്കറോ ഊന്നുവടിയോ ഉപയോഗിച്ചായിരുന്നു സഞ്ചാരം. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് അദ്ദേഹം രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ 2021 മുതൽ പ്രചരിച്ചിരുന്നു. എന്നാൽ എല്ലാം അഭ്യൂഹങ്ങളും അദ്ദേഹം തള്ളി.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിത്യശാന്തി നേരുന്നു ! ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ.
- ഡൊണാൾഡ് ട്രംപ്, പ്രസിഡന്റ്, യു.എസ്
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ എന്റെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു.
- വ്ലാഡിമിർ പുട്ടിൻ, പ്രസിഡന്റ്, റഷ്യ
അദ്ദേഹത്തിന്റെ സൗഹൃദം, ഉപദേശം, പാഠങ്ങൾ എന്നിവ ആസ്വദിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അത് ഒരിക്കലും അവസാനിക്കുന്നില്ല, പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും സമയങ്ങളിൽ പോലും.
- ജോർജിയ മെലോനി, പ്രധാനമന്ത്രി, ഇറ്റലി