മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആവർത്തിച്ച് രാഹുൽ

Tuesday 22 April 2025 7:24 AM IST

ന്യൂഡൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.എസിലെ ബോസ്റ്റണിലെ ബ്രൗൺ സർവകലാശാലയിൽ നടത്തിയ പ്രഭാഷണ പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനെ പേരെടുത്തു പറഞ്ഞുള്ള ആക്രമണത്തിനെതിരെ ബി.ജെ.പിയും രംഗത്തു വന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വോട്ടർമാരെക്കാൾ കൂടുതൽ ആളുകൾ വോട്ട് ചെയ്തതെന്നും. അവിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിട്ടുവീഴ്‌ച ചെയ്‌തെന്നും സംവിധാനത്തിൽ ചില കുഴപ്പമുണ്ടെന്നും രാഹുൽ ആരോപിച്ചു.

വോട്ടെടുപ്പ് ദിവസം വൈകുന്നേരം 5:30നും 7:30നും ഇടയിൽ 65 ലക്ഷം വോട്ടർമാർ വോട്ട് ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ കണക്ക്. ഇത് ഭൗതികമായി സംഭവിക്കാൻ അസാധ്യമാണ്. ഒരാൾക്ക് വോട്ട് ചെയ്യാൻ ഏകദേശം 3 മിനിട്ട് വച്ച് നോക്കിയാൽ പുലർച്ചെ 2 മണി വരെ വോട്ടർമാർ ക്യൂവിൽ നിന്നിട്ടുണ്ടാകും. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ല.

ഞങ്ങൾ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ,തിരഞ്ഞെടുപ്പ് കമ്മിഷൻ നിരസിക്കുകയും ചട്ടം തന്നെ മാറ്റുകയും ചെയ്‌തു. അതിനാൽ ഇനി വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെടാൻ അനുവാദമില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും സംവിധാനത്തിൽ എന്തോ കുഴപ്പമുണ്ടെന്നും വളരെ വ്യക്തമാണ്. താൻ ഇത് പലതവണ പറഞ്ഞിട്ടുണ്ടെന്നും," അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ മണ്ണിൽ ഇന്ത്യൻ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും അപമാനിച്ച രാഹുലിന്റെ പ്രസ്‌താവന രാജ്യദ്രോഹപരമാണെന്ന് ബി.ജെ.പി വക്താവ് സംബിത് പാത്ര പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കലാണ് രാഹുലിന്റെ ലക്ഷ്യം. നാഷണൽ ഹെറാൾഡ് കേസിൽ തട്ടിപ്പ് നടത്തിയതിന് രാഹുലും അമ്മ സോണിയ ഗാന്ധിയും ഉടൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.