പ്രധാനമന്ത്രിയു‌‌ടെ സൗദി സന്ദർശനം ഇന്നു മുതൽ

Tuesday 22 April 2025 7:25 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയു‌ടെ രണ്ടു ദിവസത്തെ സൗദി സന്ദർശനം ഇന്നു മുതൽ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമുള്ള യാത്രയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ,​ ഊർജ്ജ, വ്യാപാര മേഖലയിലെ അടക്കം സഹകരണം ശക്തമാക്കും. മേഖലയിലെ കൂടുതൽ ധാരണാപത്രങ്ങൾ സന്ദർശനത്തിനിടെ ഒപ്പുവയ്‌ക്കും. ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന ഫാക്‌ടറിയും മോദി സന്ദർശിക്കും.

ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ സൗദിയിൽ നിന്ന് 100 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. ഊർജ്ജ സഹകരണം വർദ്ധിപ്പിക്കാൻ ഗ്രീൻ ഹൈഡ്രജനുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിടും. പ്രതിരോധ മേഖലയിൽ സൈനികാഭ്യാസങ്ങൾക്കും മറ്റുമായി ചട്ടക്കൂട് രൂപപ്പെടുത്താനുള്ള ചർച്ചകളുണ്ടാകും.

ഗാസയിലെ സാഹചര്യം അ‌ടക്കം മദ്ധ്യേഷ്യയിലെ രാഷ്‌ട്രീയ വിഷയങ്ങൾ മുഹമ്മദ് ബിൻ സൽമാനും പ്രധാനമന്ത്രി മോദിയും വിലയിരുത്തും. ഇന്ത്യ-പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി കൂടിക്കാഴ്ചയിലുയരും.