സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കുകളിൽ അഞ്ച് മലയാളി വനിതകൾ

Tuesday 22 April 2025 3:08 PM IST

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്. ഉത്തർപ്രദേശ് സ്വദേശിനി ശക്തി ദുബെ ഒന്നാം റാങ്ക് നേടി. ഹർഷിത ഗോയൽ, ഡോംഗ്രെ അർചിത് പരാഗ് എന്നിവരാണ് രണ്ടും മൂന്നും റാങ്കുകാർ. ആദ്യ നൂറ് റാങ്കുകളിൽ അഞ്ച് മലയാളി വനിതകൾ ഉൾപ്പെട്ടിട്ടുണ്ട്.

മാളവിക ജി നായർ (45ാം റാങ്ക്), നന്ദന (47ാം റാങ്ക്), സോണറ്റ് ജോസ് (54ാം റാങ്ക്), റീനു അന്ന മാത്യു (81ാം റാങ്ക്), ദേവിക പ്രിയദർശിനി (95ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ട മലയാളികൾ. മലപ്പുറം സ്വദേശി മാളവിക മൂന്നാം തവണയാണ് സിവിൽ സർവീസ് ലിസ്റ്റിൽ വരുന്നത്. പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലായിരുന്നു മെയിൻസ് പരീക്ഷ. നിലവിൽ ഐ ആർ എസ് ഉദ്യോഗസ്ഥയാണ്. ഐ എ എസ് ആഗ്രഹിച്ച് പഠിത്തം തുടരുകയായിരുന്നുവെന്ന് മാളവിക പറഞ്ഞു. മാളവികയുടെ ഭർത്താവ് ഐപിഎസുകാരനാണ്.

നാൽപ്പത്തിയേഴാം റാങ്ക് നേടിയ നന്ദന കൊട്ടാരക്കര സ്വദേശിനിയാണ്. രണ്ടാമത്തെ ശ്രമത്തിലാണ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്. ആദ്യ ശ്രമത്തിൽ പ്രിലിംസ് പാസാകാൻ കഴിഞ്ഞില്ലെന്നും കഠിനാദ്ധ്വാനവും അദ്ധ്യാപകരുടെ സഹായവുമാണ് തിളക്കമേറിയ വിജയത്തിന് പിന്നിലെന്ന് നന്ദന പ്രതികരിച്ചു.

1009 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു മെയിൻ എക്സാം നടന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയായിരുന്നു അഭിമുഖം.