മാർപാപ്പയുടെ പൊതുദർശനം ബുധനാഴ്ച മുതൽ; സംസ്‌കാരം ശനിയാഴ്ച

Tuesday 22 April 2025 3:59 PM IST

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച നടക്കുമെന്ന് വത്തിക്കാൻ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചടങ്ങ് ആരംഭിക്കുക. മാർപാപ്പ നിർദേശിച്ചതുപോലെത്തന്നെ വളരെ ലളിതമായ ചടങ്ങുകളായിരിക്കും നടക്കുക.

മാർപാപ്പയുടെ ഭൗതിക ദേഹം നാളെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും. ശനിയാഴ്ചവരെ പൊതുദർശനമുണ്ടാകും. സംസ്‌കാരം നടത്തുന്നതിന് പിന്നാലെ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങും.

ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.05ന് (പ്രാദേശിക സമയം രാവിലെ 7.35) ഔദ്യോഗിക വസതിയായ വത്തിക്കാനിലെ കാസ സാന്റ മാർത്തയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.15ന് വിയോഗ വാർത്ത വത്തിക്കാൻ പുറംലോകത്തെ അറിയിച്ചു.

ഗുരുതര ന്യുമോണിയ ബാധയോട് പൊരുതിയ അദ്ദേഹം ഒരു മാസത്തിലേറെ നീണ്ട ആശുപത്രിവാസത്തിനു ശേഷം സുഖംപ്രാപിച്ചുവരികയായിരുന്നു. ഞായറാഴ്ച ഈസ്റ്റർ ദിവ്യബലിക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തന്റെ പ്രത്യേക വാഹനത്തിലെത്തി വിശ്വാസികളെ ആശീർവദിച്ചിരുന്നു. ചടങ്ങിന്റെ അവസാനം നൽകാറുള്ള അനുഗ്രഹ സന്ദേശവും നൽകി. ഇതിനുപിന്നാലെയായിരുന്നു അന്ത്യം.

തിരിച്ചുവന്നു, വേഗം മടങ്ങിപ്പോയി

ഫെബ്രുവരി 14നാണ് ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 18ന് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ സ്ഥിരീകരിച്ചു. ശ്വാസതടസവും അണുബാധയും നില വിഷളാക്കി. എന്നാൽ, ചികിത്സയിലൂടെ അവശതകളെ അതിജീവിച്ച അദ്ദേഹം മാർച്ച് 23ന് വത്തിക്കാനിൽ തിരിച്ചെത്തി. ഡോക്ടർമാർ രണ്ടു മാസത്തെ വിശ്രമം നിർദ്ദേശിച്ചിരുന്നു.

ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം സമീപ ദിവസങ്ങളിൽ വിശ്വാസികളെ അനുഗ്രഹിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അടക്കം ഹ്രസ്വ സന്ദർശനങ്ങൾ നടത്തിയിരുന്നു. അവസാന ദിനങ്ങളിൽ ട്യൂബ് വഴിയുള്ള ഓക്സിജൻ സഹായമില്ലാതെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. മാർപാപ്പയുടെ തിരിച്ചുവരവ് പ്രതീക്ഷയോടെയാണ് വിശ്വാസിസമൂഹം കണ്ടിരുന്നത്.