ആശ്വാസം പകരുന്ന ഹൈക്കോടതി വിധി
ഇക്കാലത്ത് ഒരു വീടു വയ്ക്കുക എന്നത് സാധാരണക്കാർക്ക് ഒരു സ്വപ്നമല്ല; പേടിസ്വപ്നമാണെന്നു വേണം പറയാൻ. കാരണം, സാധനസാമഗ്രികളുടെ വിലക്കയറ്റവും കൂലിയുടെ വർദ്ധനവും കാരണം വീടിന്റെ ബഡ്‌ജറ്റ് പിടിച്ചാൽ കിട്ടാത്ത രീതിയിലാണ് കുതിച്ചുയർന്നു പോകുന്നത്. ഏതാണ്ട് വീടിനു ചെലവാക്കിയതിന് സമാനമായ തുക അകം ഭംഗി ഒരുക്കുന്ന ഇന്റീരിയറിനായി ചെലവഴിക്കുന്നവരും ഇല്ലാതില്ല. അതൊക്കെ സമ്പന്നരുടെ കാര്യമെന്നു പറയാം. പക്ഷേ ഒരു നാട് ഓടുമ്പോൾ നടുവെ ഓടണം എന്ന ന്യായപ്രകാരം ഇപ്പോൾ മദ്ധ്യവർഗത്തിലുള്ളവരും ഇന്റീരിയറിനായി നല്ലപോലെ പണം ചെലവഴിക്കുന്നുണ്ട്. എങ്ങനെയൊക്കെ ചുരുക്കി ചെയ്താലും വീടുപണി തീരുമ്പോൾ ഗൃഹസ്ഥന്റെ പണം മിക്കവാറും കാലിയാകുന്ന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്.
ഇതിന്റെയെല്ലാം പുറത്താണ് സർക്കാരിന്റെ നികുതി വരുന്നത്. പഴയ കാലത്തെപ്പോലെ ചെറിയ തുകയൊന്നുമല്ല ഇപ്പോൾ നികുതിയായി കൊടുക്കേണ്ടത്. മൂവായിരം സ്ക്വയർ ഫീറ്റിന് ഉള്ളിലുള്ള വീടിനു പോലും കോർപ്പറേഷൻ പരിധിയിലാണെങ്കിൽ പ്രതിവർഷം ശരാശരി അയ്യായിരം രൂപ വരെ നികുതിയാകും. ഇതിനു പുറമെ വില്ലേജ് ഓഫീസിൽ ഒറ്റത്തവണ നികുതിയായി ശരാശരി ഇരുപതിനായിരം രൂപയെങ്കിലും അടയ്ക്കേണ്ടിവരും. വീടിനും മറ്റും തദ്ദേശസ്ഥാപനങ്ങൾ ചുമത്തുന്ന നികുതി വളരെ കൂടുതലാണെന്ന പരാതി പൊതുവെ ജനങ്ങൾക്കുള്ളതാണ്. വീടിന്റെ വിസ്‌തീർണത്തിനു പുറമെ, വീടിനു മുകളിൽ കെട്ടുന്ന തുറന്ന മേൽക്കൂരകൾക്ക് നികുതി ചുമത്തിയിരുന്നു. ഒരു വീട് വയ്ക്കുന്നവനെ ശിക്ഷിക്കുന്നതിനു തുല്യമായ ഏർപ്പാടായിരുന്നു ഇത്.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഒരു നല്ല വിധിയോടെ ഈ നികുതി ഇല്ലാതാവുകയാണ്. വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലെ തുറന്ന മേൽക്കൂരകൾക്ക് കെട്ടിടനികുതി ബാധകമല്ലെന്ന ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി വലിയ ആശ്വാസത്തോടെയാകും സാധാരണക്കാർ സ്വാഗതം ചെയ്യുക. പലരും ഇങ്ങനെ തുറന്ന മേൽക്കൂര സ്ഥാപിക്കുന്നത് ആഡംബരത്തിന്റെ ഭാഗമായിട്ടല്ല. പ്രധാനമായും വീടിനെ സംരക്ഷിക്കുന്നതിനും ചൂടും ചോർച്ചയും കുറയ്ക്കുന്നതിനും വേണ്ടിയാണ്. കെട്ടിടങ്ങളെ കാലാവസ്ഥയിൽ നിന്ന് സംരക്ഷിക്കാനുള്ള താത്‌കാലിക മേൽക്കൂരകളെ പ്ളിന്ത് ഏരിയയുടെ ഭാഗമായി കണക്കാക്കാനാകില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.
അതേസമയം, മേൽക്കൂരകൾ അടച്ചുകെട്ടിയ നിലയിലാണെങ്കിൽ നികുതി ഈടാക്കാം. വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചാലും നികുതി നൽകേണ്ടിവരും. വാണിജ്യ സ്ഥാപനത്തിനു മുകളിലെ തുറന്ന മേൽക്കൂരയ്ക്ക് 2,80,800 രൂപ അധിക നികുതി കണക്കാക്കിയതിനെതിരെ ചേർത്തല സ്വദേശികൾ നൽകിയ ഹർജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്. പാരപ്പെറ്റുള്ള ഭാഗം ഭാഗികമായി അടച്ച നിലയിലാണെന്നും മേൽക്കൂര ഇട്ടിടത്ത് ഹർജിക്കാർ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ പാരപ്പെറ്റ് കെട്ടിട സുരക്ഷയുടെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധനങ്ങൾ സൂക്ഷിച്ചതിനെ വിനിയോഗമായി കാണാനാകില്ലെന്നും കണക്കാക്കിയാണ് കോടതി ആശ്വാസ വിധി പുറപ്പെടുവിച്ചത്.