സാമൂഹ്യവിരുദ്ധരെ ഭയന്ന് കാപ്പിൽ മലവിള മുളകുകട തൊടി
വർക്കല: ഇടവയിലെ പ്രധാന കായലോര ടൂറിസം ഡെസ്റ്റിനേഷനായ കാപ്പിൽ മലവിള മുളകുകട തൊടിയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമെന്ന് പരാതി. ദേശീയ ജലപാതാപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ബോട്ടുജെട്ടിയുടെ ഇരുഭാഗത്തെ ഇരിപ്പിടങ്ങളും സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തു. ഏപ്രിൽ 6ന് രാത്രിയിലാണ് ഇവിടെ അതിക്രമം നടക്കുന്നത്. പരാതിയുമായി നാട്ടുകാർ പൊലീസിനെ സമീപിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ല. ഇടവ നടയറ കായലിന്റെ ഭാഗമായ മലവിള മുളകുകട തൊടിയുടെ പ്രകൃതിഭംഗിയും ശാന്തമായ അന്തരീക്ഷവും ശുചിത്വവുമാണ് ഇവിടേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നത്. സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. പ്രദേശത്തെ സമാധാനപരമായ അന്തരീക്ഷം തകർക്കുന്ന നിലയിലുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ പൊലീസ് അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ടൂറിസത്തിന് വെല്ലുവിളി
ടൂറിസം വികസനം ലക്ഷ്യമാക്കി നിരവധി സ്വകാര്യസംരംഭകരാണ് ഇവിടെ നിക്ഷേപം നടത്തിയിട്ടുള്ളത്. മുളക്കട തൊടിയിൽ നിന്നും ബോട്ടിൽ കാപ്പിൽ ബോട്ട് ക്ലബ് വരെയും ഹരിഹരപുരം,നെല്ലേറ്റിൽ,വെൺകുളം,കരിനിലക്കോട്,അയിരൂർ,നടയറ,ശിവഗിരി എന്നിവിടങ്ങളിലേക്കും വിനോദയാത്ര നടത്താമെന്നുള്ളത് കൂടുതൽ സഞ്ചാരികളെ ഇവിടെയെത്താൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.സാമൂഹ്യവിരുദ്ധശല്യം ഇവിടുത്തെ റിസോർട്ടുകളുടെ പ്രവർത്തനത്തെ ബാധിക്കുമോയെന്ന ആശങ്കയും സ്വകാര്യസംരംഭകർ പങ്കുവയ്ക്കുന്നു.
പക്കാ ഗുണ്ടായിസം
സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങൾ നാട്ടുകാരിൽ പലരും നേരിട്ട് കണ്ടിരുന്നു. ഇവരുടെ ഗുണ്ടായിസം നാട്ടുകാർക്കറിയാവുന്നത് കൊണ്ടുതന്നെ ഭയം കൊണ്ടാരും ചോദ്യം ചെയ്യാൻ തയ്യാറായില്ല. എന്നാൽ സംഭവത്തിനുശേഷം തദ്ദേശവാസികൾ കൂട്ടമായി ഒപ്പിട്ട് പരാതി പൊലീസിന് നൽകി. ഈ പരാതി പൊലീസ് വേണ്ടവിധത്തിൽ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ജലപാത പദ്ധതിയുടെ പണം ഉപയോഗിച്ച് നിർമ്മിച്ച ബോട്ടുജെട്ടി തകർത്തവരെ കണ്ടെത്തി പിടികൂടുന്നതിനോ സർക്കാരിനുണ്ടായിട്ടുള്ള നഷ്ടം ഈടാക്കുന്നതിനോ വേണ്ട നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
സഞ്ചാരികൾ ഭയക്കണം
സഞ്ചാരികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുള്ള സംഭവങ്ങളും അടുത്തകാലത്തായി കണ്ടുവരുന്നുണ്ട്. ബോട്ടുജെട്ടിയിൽ ഇരുന്ന് മദ്യപിച്ചശേഷം കുപ്പികൾ സഞ്ചാരികൾക്ക് നേരെയും കായലിലും വലിച്ചെറിയുക,ദമ്പതികളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവൃത്തികളും സാമൂഹ്യവിരുദ്ധരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.