ഗ്രാമങ്ങളിൽ ലില്ലിപ്പൂവിൻ കാലം
Wednesday 23 April 2025 2:06 AM IST
കല്ലറ: വേനൽ മഴ ലഭിച്ചതോടെ മലയോരമേഖലയിൽ ലില്ലിപ്പൂക്കൾ കൂട്ടത്തോടെ വിരിയാൻ തുടങ്ങി. മലയോര മേഖലയിലെ ജനവാസ മേഖലകളിൽ മിക്ക സ്ഥലങ്ങളിലുമിപ്പോൾ ഏപ്രിൽ മാസത്തിന്റെ സൗന്ദര്യമായ ലില്ലി പൂക്കൾ കാണാം. ചുവപ്പും ഓറഞ്ചും കലർന്ന വീതിയുള്ള ഏഴ് ഇതളുകളാണ് ലില്ലിപ്പൂവിന്റെ ആകർഷണം. മലയോര മേഖലയിൽ കണ്ടുവരുന്ന ലില്ലിപ്പൂക്കൾ ഈസ്റ്റർ ലില്ലിപ്പൂക്കളെന്നും അറിയപ്പെടുന്നു. വിദേശ ഇനത്തിൽപ്പെട്ട സസ്യമാണിത്. ദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം.ബാർബഡോസ് ലില്ലി,കൊക്കോവ ലില്ലി എന്നിങ്ങനെയും അറിയപ്പെടുന്നു.ഓരോ തണ്ടിലും രണ്ട് പൂക്കൾ വീതം വിരിയുന്നു.അലങ്കാരച്ചെടിയായും ലില്ലിയെ വീടുകളിൽ നട്ടുവളർത്താം. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇവ കൂടുതലായി പൂവിടുന്നത്.വേനൽക്കാലത്ത് മണ്ണിനടിയിലുള്ള ഇവയുടെ വിത്തുകൾ വേനൽമഴ പെയ്യുന്നതോടെ കിളിർത്ത് പൂക്കളാൽ നിറയും.