മുതലപ്പൊഴിയിലെ പൊഴി മുറിക്കൽ പുരോഗമിക്കുന്നു

Wednesday 23 April 2025 2:35 AM IST

ചിറയിൻകീഴ്: മുതലപ്പൊഴിയിലെ പൊഴി മുറിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രധാന പ്രശ്നത്തിനാണ് പൊഴി മുറിക്കുന്നതോടെ പരിഹാരമാകുന്നത്. 3 മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുന്നത്.കായലിൽ നിന്ന് 90 മീറ്റർ നീളത്തിൽ മണൽ നീക്കംചെയ്യുന്ന നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്.

ഡ്രഡ്ജിംഗ് കരാർ കമ്മിറ്റി,സമരസമിതിയുമായി സംസാരിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊഴി മുറിക്കുന്നതിന് സമവായമായത്. ഇക്കഴിഞ്ഞ ദിവസം വൈകിട്ടോടെ മത്സ്യത്തൊഴിലാളികൾ തന്നെ പൊഴിമുറിക്കലിന് തുടക്കമിട്ടിരുന്നു. 3 മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുക.ചന്ദ്രഗിരി ഡ്രഡ്ജർ കണ്ണൂരിൽ നിന്നെത്തുന്നതിന് മുൻപ് പൊഴിയുടെ മുക്കാൽ ഭാഗം മുറിക്കാനാണ് തീരുമാനം. ഡ്രഡ്ജർ പുറംകടലിലെത്തിയ ശേഷം കടലിനോട് ചേർന്നുള്ള 40 മീറ്റർ കൂടി മുറിച്ച് പൊഴി തുറക്കും.

13 ദിവസമായി ഹാർബർ പൂർണമായി നിശ്ചലാവസ്ഥയിലാണ്.പൊ ഴി മുറിക്കുന്നതോടെ വലിയ താങ്ങുവള്ളങ്ങൾ ഉൾപ്പെടെയുള്ള യാനങ്ങൾക്ക് കടലിലേക്ക് പോകാനാകും.

4 ദിവസം മതി

നാല് ദിവസം കൊണ്ട് പൊഴിമുറിക്കൽ പൂർത്തിയാക്കും.ഇതിനായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറും സജ്ജമാക്കി. പൊഴി മുറിക്കുന്നതിനോടൊപ്പം കൂട്ടിയിട്ടിരിക്കുന്ന മണൽ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളും നടക്കും.

വെള്ളക്കെട്ട്

അഴൂർ,ചിറയിൻകീഴ്,കടയ്ക്കാവൂർ,വക്കം,അഞ്ചുതെങ്ങ് തുടങ്ങിയ പഞ്ചായത്തുകളിലെ തീരദേശ മേഖലയിൽ പലയിടത്തം വെള്ളം കയറി.വീടുകളിൽ വെള്ളം കയറിയത് ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മഴ കനത്താൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും. കടലിലേക്കുള്ള ഒഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് കാരണമായത്.പൊഴി മുറിച്ച് തുടങ്ങിയെങ്കിലും കായലിൽ നിന്ന് കടലിലേക്ക് വെള്ളം ഒഴുകിയെത്താൻ ഇനിയും ദിവസങ്ങളെടുക്കും.