സ്കാനിംഗിനായി കാത്തിരിക്കേണ്ടത് ആഴ്ചകൾ ന്യൂറോളജിലെ സി.ടി യന്ത്രം നോക്കുകുത്തി
150ൽ അധികം സ്കാൻ ചെയ്യേണ്ടിടത്ത് 40എണ്ണം മാത്രം
പ്രതിസന്ധി റിപ്പോർട്ട് തയ്യാറാക്കാൻ ഡോക്ടർമാരില്ലാത്തത്
തിരുവനന്തപുരം : അത്യാധുനിക സി.ടി യന്ത്രമുണ്ട്, ആവശ്യത്തിന് ടെക്നീഷ്യൻമാരും.എന്നാൽ രോഗികൾക്ക് സി.ടി സ്കാൻ എടുക്കണമെങ്കിൽ നാലാഴ്ച കാത്തിരിക്കണം. 24മണിക്കൂറിനുള്ളിൽ എടുക്കേണ്ട സ്കാനിംഗുകളാണ് പലതും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്ഥിതിയാണിത്. ന്യൂറോളജി വിഭാഗത്തിലുള്ള സി.ടി യന്ത്രം കാര്യക്ഷമമായി ഉപയോഗിക്കാത്തതാണ് രോഗികളെ വലയ്ക്കുന്നത്.സ്കാനിംഗ് റിപ്പോർട്ട് തയ്യാറാക്കാൻ റേഡിയോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന കാരണത്താലാണ് കോടികൾ വിലയുള്ള സ്കാനിംഗ് യന്ത്രം മതിയായ രീതിയിൽ ഉപയോഗിക്കാതെ രോഗികൾക്ക് സേവനം നിഷേധിക്കുന്നത്. 150ൽ അധികം സ്കാനുകൾ ദിവസവും നടത്താമെന്നിരിക്കെ ഇപ്പോൾ പരമാവധി 40എണ്ണമാണ് നടക്കുന്നത്.
മെഡിക്കൽ കോളേജിൽ സ്ട്രോക്ക് സെന്റർ സജ്ജമാക്കുന്നതിന്റെ ഭാഗമായി 2020ലാണ് സ്ട്രോക്ക് സി.ടി യന്ത്രം പ്രവർത്തനം തുടങ്ങിയത്.അതുവരെ റേഡിയോളജി വിഭാഗത്തിൽ മറ്റെല്ലാ സ്കാനിംഗിനൊപ്പമായിരുന്നു ന്യൂറോജി വിഭാഗത്തിന്റെയും സ്കാനിംഗ്. സ്ട്രോക്ക് ബാധിതർക്ക് അതിവേഗം ചികിത്സ ലഭ്യമാക്കുന്നതിനാണ് സ്കാനിംഗ് നടത്താൻ സി.ടി ആരംഭിച്ചത്.റേഡിയോളജി വിഭാഗത്തിലുണ്ടായിരുന്നതിനേക്കാൾ ഉയർന്ന നിലവാരമുള്ള സി.ടി 122 യന്ത്രമാണ് ന്യൂറോളജിയിൽ സ്ഥാപിച്ചത്. സ്ട്രോക്ക് രോഗികൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടും മറ്റുവിഭാഗങ്ങളിലെ രോഗികൾക്കും ഇവിടെ സ്കാനിംഗ് നടത്തിയിരുന്നു. യന്ത്രം ന്യൂറോളജിയിലാണെങ്കിലും റിപ്പോർട്ട് തയ്യാറാക്കേണ്ടത് റേഡിയോളജി ഡോക്ടർമാരാണ്.എന്നാൽ അടുത്തകാലത്തായി റേഡിയോളജി വിഭാഗത്തിൽ സി.ടി 156 യന്ത്രം സ്ഥാപിച്ചു. റേഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് ന്യൂറോളജിയിലെ യന്ത്രം നോക്കുകുത്തിയായത്.
ബദൽ വഴിയും ഫലംകണ്ടില്ല
റേഡിയോളജി ഡോക്ടർമാരുടെ അമിതജോലിഭാരം മറികടക്കാൻ അടുത്തിടെ ബദൽമാർഗമായി ഇവിടെ എടുക്കുന്ന സ്കാനിംഗുകളിലെ റിപ്പോർട്ടുകൾ എച്ച്.എൽ.എല്ലിലെ ഡോക്ടർമാരിൽ നിന്ന് വാങ്ങാനുള്ള ശ്രമം നടത്തിയിരുന്നു. ഓരോ സ്കാനിംഗിനും നിശ്ചിത നിരക്ക് ഇതിനായി മെഡിക്കൽ കോളേജ് നൽകണം. എന്നാൽ ഇക്കാര്യത്തിൽ തുടർനടപടികളുണ്ടായില്ല.
4.5കോടിയുടെ സി.ടി യന്ത്രമാണ് ന്യൂറോളജിയിൽ
പ്രതിവർഷം അറ്റകുറ്റപ്പണിക്ക് 30ലക്ഷം
സ്കാനിംഗിലൂടെ കിട്ടുന്ന വരുമാനമാണ് ഇതിനായി ഉപയോഗിക്കേണ്ടത്
സാധാരണ സി.ടിക്ക് മെഡി.കോളേജിൽ 1000, സ്വകാര്യസ്ഥാപനങ്ങളിൽ 2000-3000
സി.ടി ആൻജിയോഗ്രാം മെഡി.കോളേജിൽ 4250, സ്വകാര്യ സ്ഥാപനങ്ങളിൽ 12,000-17,000