കാട്ടാക്കടയിൽ ഉത്സവസ്ഥലത്ത് അക്രമം: മൂന്ന് പേർ റിമാൻഡിൽ

Wednesday 23 April 2025 1:52 AM IST

കാട്ടാക്കട: കാട്ടാൽ മുടിപ്പുര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ കാണികളായ മൂന്നുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികളെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ പന്നിയോട് കുളവുപാറ ഉപ്പനച്ചംപാറ വിജയ ഭവനിൽ അഭിജിത്ത് (29),കാട്ടാക്കട മുതിയാവിള ചെമ്പത്തിൻമൂട് ലക്ഷ്മി ഭവനിൽ സുരേഷ് ബാബു (സുന്ദരൻ ബിനു)(46),പന്നിയോട് കുളവുപാറ ഉപ്പനച്ചംപാറ വിജയ ഭവനിൽ അരവിന്ദ്(32)എന്നിവരാണ് അറസ്റ്റിലായത്. 17ന് രാത്രിയായിരുന്നു സംഭവം. ഒറ്റശേഖരമംഗലം,ആര്യങ്കോട് സ്വദേശികളെയാണ് പ്രതികൾ സംഘംചേർന്ന് ആക്രമിച്ചത്. ഇവർ ചികിത്സയിലാണ്. പ്രതികളിൽ സുന്ദരൻ ബിനു കൊലപാതകക്കേസിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. പ്രതികളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.