ഇക്കണോമിക്സ് 'പ്രേരണ' ചാമ്പ്യന്മാർ

Tuesday 22 April 2025 9:25 PM IST

പെരിയ: വിദ്യാർത്ഥികളുടെ അക്കാഡമിക് മികവ് വർദ്ധിപ്പിക്കുന്നതിനും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള കേന്ദ്ര സർവകലാശാല സംഘടിപ്പിച്ച 'പ്രേരണ'യിൽ 39 പോയിന്റ് നേടി ഇക്കണോമിക്സ് വകുപ്പ് ചാമ്പ്യന്മാരായി. മുൻ വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലുവിന്റെ പേരിൽ ഏർപ്പെടുത്തിയ വൈസ് ചാൻസലേഴ്സ് റോളിംഗ് ഷീൽഡ് വൈസ് ചാൻസലർ പ്രൊഫ.സിദ്ദു പി.ആൽഗുറിൽനിന്ന് വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. ജസ്റ്റ് എ മിനിട്ട്, കൊഗ്നിറ്റീവ് എബിലിറ്റി ടെസ്റ്റ്, സുഡോക്കു, റോൾ പ്ലെ, ലെറ്റർ റൈറ്റിംഗ്, ക്വിസ്, ഡിബേറ്റ്, ഷോർട്ട് ഫിലിം തുടങ്ങി വിവിധ മത്സരങ്ങളാണ് 'പ്രേരണ'യുടെ ഭാഗമായി നടത്തിയത്. രജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാർ, ഗായകൻ അഖിൽ ദേവ്, ഡീൻ സ്റ്റുഡന്റ്സ് വൈൽഫെയർ പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട, പ്രേരണ കോർഡിനേറ്റർ ഡോ.ശ്യാം പ്രസാദ്, സ്റ്റുഡന്റ്സ് കൗൺസിൽ പ്രസിഡന്റ് ഒ.വിഷ്ണു പ്രസാദ്, ജനറൽ സെക്രട്ടറി അബ്ദുൾ സഹദ് എന്നിവർ സംബന്ധിച്ചു.