വി.സി ക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ ചേംബറിന് മുന്നിലും പ്രതിഷേധം
മാങ്ങാട്ടുപറമ്പിൽ നിന്ന് ചരിത്ര വിഭാഗം പാലായാടേക്ക് മാറ്റുന്നത് പുനഃപരിശോധിക്കുമെന്ന് വി.സി
കണ്ണൂർ: മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ നിന്ന് ചരിത്ര വിഭാഗം പാലയാട് കാമ്പസിലേക്ക് മാറ്റാനുള്ളതടക്കമുള്ള വി.സിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. സിൻഡിക്കേറ്റിനോടോ വിദ്യാർഥി പ്രതിനിധികളോടോ ചർച്ച ചെയ്യാതെ വി.സി തീരുമാനമെടുത്തുവെന്നാരോപിച്ചാണ് എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
പ്രകടനമായി എത്തിയ പ്രവർത്തകരെ കാര്യാലയത്തിന്റെ ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞുവെങ്കിലും മറ്റൊരു വഴിയിലൂടെ വിദ്യാർത്ഥികൾ വി.സിയുടെ ചേംബറിന് മുന്നിലേക്ക് ഇരച്ചു കയറി. വിഷയം ചർച്ച ചെയ്യാതെ വി.സി യെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന തീരുമാനവുമായി പ്രവർത്തകർ ചേംബറിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു. 11 മണിയോടെ ആരംഭിച്ച സമരം ഉച്ച വരെ നീണ്ടു. പ്രതിഷേധത്തിനൊടുവിൽ സിൻഡിക്കേറ്റ് മെമ്പർ വൈഷ്ണവ് മഹേന്ദ്രനുമായി ചർച്ച നടത്തിയ വി.സി തീരുമാനം പുനപരിശോധിക്കാമെന്നും സിൻഡിക്കേറ്റിൽ ചർച്ച ചെയ്യാമെന്നും മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ചരിത്ര വിഭാഗം പാലായാട് ക്യാമ്പസിലേക്ക് മാറ്റുന്ന തീരുമാനം മരവിപ്പിക്കാമെന്നും അറിയിക്കുകയായിരുന്നു. ഇതെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് മാങ്ങാട്ടു പറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന എം.എ ഹിസ്റ്ററി കോഴ്സ് പാലായാട് ക്യാമ്പസിലേക്ക് മാറ്റുന്നുവെന്ന് വി.സി സർക്കുലർ പുറപ്പെടുവിപ്പിച്ചത്. ഇത് വിദ്യാർത്ഥികളിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു എന്നാണ് വിദ്യാർഥി പ്രതിനിധികൾ ഉൾപ്പെടെ പറഞ്ഞത്.
സമരം എസ് .എഫ് .ഐ സംസ്ഥാന ജോ.സെക്രട്ടറി വിപിൻരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി.അഖില .അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ , നേതാക്കളായ ജോയൽ തോമസ്, കെ.നിവേദ് , സ്വാതി പ്രദീപൻ , സനന്ദ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.