ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്പിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
കോലഞ്ചേരി: കടമറ്റത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയായ ഭാഗ്യരാജാണ് മരിച്ചത്. ഇയാളുടെ ഭാര്യ മിനി (45), മകൾ ശ്രീലക്ഷ്മി (23) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. കുടുംബ കലഹമാണ് പ്രശ്നത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മകളുടെ കല്യാണ ആലോചനയുമായി ബന്ധപ്പെട്ട തർക്കത്തിൽ മകളെ കത്തിയെടുത്ത് ഉപദ്രവിക്കാൻ ശ്രമിക്കുകയും കാലിൽ കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച ഭാര്യയുടെ കൈക്ക് കത്തി കൊണ്ട് മുറിവേറ്റു. ഉടൻതന്നെ ഇരുവരും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇതേസമയം വീട്ടിലുണ്ടായിരുന്ന ഭാഗ്യരാജ് മുറിക്കുള്ളിൽ തൂങ്ങുകയായിരുന്നു. വാതിൽ ചവിട്ടി പൊളിച്ച് സമീപവാസികളും പുത്തൻകുരിശ് പൊലീസും അകത്തുകടന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലം സ്വദേശികളായ ഇവർ ഏറെ നാളായി കടമറ്റത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ബാർബർ ഷോപ്പിലെ ജീവനക്കാരനാണ് മരിച്ച ഭാഗ്യരാജ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.