സോപാന സംഗീത ചരിത്രത്തിൽ ഇതാദ്യം: ക്ഷേത്ര ശീവേലിക്ക് അഷ്ടപദി പാടി സ്‌കൂൾ വിദ്യാർത്ഥിനി

Tuesday 22 April 2025 10:03 PM IST

അഴീക്കോട്: മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അതിപുരാതന ദേവീസ്ഥാനമായ അരയാക്കണ്ടിപ്പാറ ശ്രീ പൊക്യാരത്ത് ഭഗവതി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിന്റെ ഭാഗമായുള്ള ആനയില്ലാത്ത ശീവേലി എഴുന്നള്ളത്തിൽ അഷ്ടപദി പാടി ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി. കഴിഞ്ഞ ദിവസം സന്ധ്യക്കാണ് കണ്ണൂർ ചിന്മയ വിദ്യാലയയിലെ ഒൻപതാം ക്ളാസുകാരിയായ അക്ലിയത്ത് ആയുശ്രീ വാര്യർ അഷ്ടപദി പാടിയത്. ആയുശ്രീയുടെ അഷ്ടപദിക്ക് കലാമണ്ഡലം വൈശാഖ് ഇടയ്ക്കയും കലാമണ്ഡലം രാധാകൃഷ്ണവാര്യർ ചേങ്ങിലയും കൊട്ടി. ശിവപ്രസാദ് മണോളിത്തായരുടെ തിടമ്പുനൃത്തവും ഈ സമയത്ത് ക്ഷേത്രനടയിലുണ്ടായിരുന്നു. സാധാരണ നിലയിൽ ജയദേവരുടെ ഗീതാഗോവിന്ദമാണ് അഷ്ടപദിയ്ക്ക് പാടാറുള്ളതെങ്കിലും സമീപകാലത്തായി മറ്റ് ചില കൃതികളും പാടിവരുന്നുണ്ട്. മുത്തയ്യ ഭാഗവതർ സംസ്‌കൃതത്തിൽ ശുദ്ധധന്യാസി രാഗം ആദിതാളത്തിൽ രചിച്ച ഹിമഗിരി തനയേ ..... ഹേമലതേ..' ഈശ്വരി ശ്രീ ലളിതേ മാമവ ... എന്ന കൃതിയാണ് 'ആയുശ്രീ ആലപിച്ചത്. പൊക്യാരത്ത് ഭഗവതി ക്ഷേത്രത്തിൽ ആരാധനാ ഉത്സവം തൊഴാനെത്തിയപ്പോഴാണ് വാദ്യകുലപതി കലാമണ്ഡലം രാധാകൃഷ്ണവാര്യർ അഷ്ടപദി ചൊല്ലാൻ ആയുശ്രീ വാര്യരെ നിയോഗിച്ചത്. പ്രശസ്ത സോപാനസംഗീതജ്ഞനായിരുന്ന ഞെരളത്ത് രാമപൊതുവാളാണ് സോപാന സംഗീതത്തെ ജനകീയമാക്കിയത്.

എന്നാൽ ഒരു പെൺകുട്ടി ക്ഷേത്ര ശീവേലിക്ക് പാടുന്നത് ഇതാദ്യമാണ്.ശീവേലിക്ക് മുമ്പായി സന്ധ്യാപൂജ തൊഴാനെത്തിയ അനുഗ്രഹീത ഗായികയായ പെൺകുട്ടിയെ കണ്ടപ്പോൾ വാദ്യചുമതലയുള്ള തന്റെ മനസിൽ തോന്നിയ കാര്യമായിരുന്നു ഇതെന്ന് കലാമണ്ഡലം രാധാകൃഷ്ണ വാര്യർ പറഞ്ഞു.

അക്ലിയത്ത് ക്ഷേത്രം കിഴക്കേ നടയിലെ ഗോവിന്ദം വീട്ടിൽ പട്ടാമ്പിയിലെ അജിത്ത് വാര്യരുടെയും അക്ലിയത്ത് ഉഷാ വാര്യരുടെയും മൂത്ത മകളാണ് ആയുശ്രീ. സഹോദരൻ മൂന്നാം ക്ലാസ് വിദ്യാർത്ഥി ദേവാഞ്ജ് .നേരത്തെ സ്വകാര്യ ചാനലിലെ സംഗീത മത്സരത്തിലൂടെയും സംഗീതാസ്വാദകർക്കിടയിൽ പരിചിതയാണ് ഈ പെൺകുട്ടി.