ഒറ്റ ദിവസം ലഭിച്ചത് 2000 കിലോ അരി

Wednesday 23 April 2025 1:15 AM IST

ആലപ്പുഴ: വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയിലേക്ക് ഒറ്റ ദിവസം ലഭിച്ചത് രണ്ടായിരം കിലോ അരി. ജനകീയ അരി സമാഹരണത്തിന്റെ ഭാഗമായി മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നാണ് ഇത്രയും അരി ലഭിച്ചത്. പ്രായാധിക്യത്താലും അനാരോഗ്യത്താലും തനിയെ ആഹാരം പാചകം ചെയ്ത് കഴിക്കാൻ കഴിയാതെ ഒറ്റപ്പെട്ട് താമസിക്കുന്ന 400 പേർക്കാണ് മാരാരിക്കുളത്തെ പാലിയേറ്റീവ് പ്രവർത്തകർ ദിവസവും രണ്ടുനേരത്തെ ഭക്ഷണം എത്തിക്കുന്നത്. ജനകീയ അരിസമാഹരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ചെയർമാൻ പി.ആർ.സുനിൽകുമാർ, ജനറൽ കൺവീനർ വി.സജേഷ്, ട്രഷറർ ആർ.സബിൽരാജ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ.ഉല്ലാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ എം.എസ്. മുരളി, അരുൺ കുമാർ, ട്രസ്റ്റ് ഭാരവാഹികളായ സാബു ശിവാനന്ദൻ, മജീദ്, വി.എസ്.ആനന്ദകുമാർ, വിശ്വേശ്വരൻ, ടി.അശോകൻ തുടങ്ങിയവർ അരിശേഖരണത്തിന് നേതൃത്വം നൽകി.