സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി ഇന്ത്യയിലേക്ക്; പഹല്‍ഗാമില്‍ മരണസംഖ്യ 26, മരിച്ചവരില്‍ ഒരു മലയാളിയും | LIVE UPDATES

Tuesday 22 April 2025 10:18 PM IST

പഹല്‍ഗാം: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി ഉയര്‍ന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിക്കും.

മരിച്ചവരില്‍ ഒരാൾ മലയാളിയാണ്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (65) ആണ് വെടിയേറ്റ് മരിച്ചത്. മകളുടെ മുന്നിൽവച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. മരിച്ചവരിൽ രണ്ട് പേര്‍ വിദേശികളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇ‌ന്ന് രാവിലെയാണ് രാമചന്ദ്രനും കുടുംബവും പഹൽഗാമിലെത്തിയത്. നിരവധിപേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.

LIVE UPDATES

സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിക്കും.

ബുധനാഴ്ച പുലര്‍ച്ചെയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചെത്തും.

ഔദ്യോഗിക മരണസംഖ്യ 26. മരിച്ചവരില്‍ 22 പേരെ തിരിച്ചറിഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. ബുധനാഴ്ച അദ്ദേഹം ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കും.

ശ്രീനഗറില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുന്നു. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് ഏഴ് പേരടങ്ങുന്ന സംഘമെന്ന് സൈന്യം.

രണ്ട് വിദേശികളും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടുവെന്ന് വിവരം.

മരിച്ച വിദേശികളില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍.

ജമ്മു കാശ്മീരില്‍ സുരക്ഷ ശക്തമാക്കി, വാഹന പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കി സുരക്ഷാ സേന.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്.

പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ബന്ധമുള്ള സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്.

വെറുതേവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.