പൊന്മാൻ കുഞ്ഞുങ്ങൾക്ക് രക്ഷകരായി ഫയർഫോഴ്സ്

Wednesday 23 April 2025 3:57 AM IST

തിരുവനന്തപുരം: തള്ളപ്പക്ഷി ചത്തതോടെ മതിൽപ്പൊത്തിൽ അകപ്പെട്ടുപോയ പൊന്മാൻ കുഞ്ഞുങ്ങൾക്ക് രക്ഷകരായി ഫയർഫോഴ്സ്.ചിറക് മുളയ്ക്കാത്ത കുഞ്ഞുങ്ങളെ ഒന്നര മീറ്ററോളം നീളുമുള്ള പൊത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. കുറവൻകോണത്തുനിന്ന് നന്തൻകോട്ടേക്കുള്ള വഴിയിൽ സാന്തോൺ ലാറ്റക്‌സ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ കരിങ്കൽ ചുറ്റുമതിലിലെ പൊത്തിലാണ് രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നത്.

ഇന്നലെ ഉച്ചയോടെയാണ് തള്ളപ്പൊന്മാനെ പൊത്തിനു സമീപം ചത്ത നിലയിൽ കണ്ടത്. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ഫയർഫോഴ്സിനെയും വനം വകുപ്പിന്റെ ആനിമൽ റസ്‌ക്യൂ വിഭാഗത്തേയും വിവരമറിയിച്ചു. ഫയർഫോഴ്സ് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിലെത്തിയ സംഘം സ്‌പൂണിന്റെ സഹായത്താൽ പക്ഷിക്കുഞ്ഞുങ്ങളെ പുറത്തെടുത്ത് സ്ഥാപനത്തിലെ ജീവനക്കാർക്ക് കൈമാറി. ഇന്ന് കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന് അനിമൽ റസ്‌ക്യൂ സംഘം അറിയിച്ചിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു.

ക്യാപ്ഷൻ: പൊത്തിൽ നിന്ന് പുറത്തെടുത്ത പൊന്മാൻ കുഞ്ഞുങ്ങളുമായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ