വേനൽ മഴയിൽ നാശനഷ്ടങ്ങളേറെ

Wednesday 23 April 2025 2:04 AM IST

വിതുര: കത്തിക്കാളുന്ന മേടച്ചൂടിന് ശമനമേകി പെയ്യുന്ന വേനൽമഴ നാശനഷ്ടങ്ങളും വിതയ്ക്കുന്നു. മലയോര മേഖലയിലെ മിക്ക പഞ്ചായത്തുകളിലും ഒരാഴ്ചയായി ഉച്ചതിരിഞ്ഞ് വേനൽമഴ പെയ്യുന്നുണ്ട്. കടുത്തചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്. വയലുകളെല്ലാം വറ്റി കൃഷികൾ ഉണങ്ങിത്തുടങ്ങി. കിണറുകളിലും വേണ്ടത്ര വെള്ളമില്ല. ഡാമുകളിലെ ജലനിരപ്പും ഗണ്യമായി താഴ്ന്നിട്ടുണ്ട്. സാധാരണ വേനൽക്കാലത്ത് നദികളിൽ നിന്നു ജലം ശേഖരിച്ചാണ് ഉപയോഗിക്കുന്നത്.

വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. കാറ്റിനെ തുടർന്ന് മരങ്ങൾ വ്യാപകമായി ഒടിഞ്ഞും കടപുഴകിയും വീണ് ഇലക്ട്രിക് ലൈനുകളിൽ പതിച്ച് ലൈൻ പൊട്ടിവീഴുകയും ചെയ്യുന്നുണ്ട്. കല്ലാർ, പൊൻമുടി, ആനപ്പാറ ജഴ്സിഫാം മേഖലകളിൽ മരം വീണ് വൈദ്യുതിലൈനുകൾ തകർന്നു. ഇടിമിന്നലേറ്റ് അനവധി വീടുകളിലെ ടി.വിയും, ലാപ്പ്ടോപ്പും, കംപ്യൂട്ടറും ഫ്രിഡ്ജും, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. വേനൽമഴയെത്തിയതോടെ വൈദ്യുതി മുടക്കവും പതിവാകുന്നുണ്ട്. വൈദ്യുതി, ഫയർഫോഴ്സ് ജീവനക്കാർ മരങ്ങൾ മുറിച്ചുമാറ്റിയാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നത്.

സംസ്ഥാനപാത വെള്ളത്തിൽ

മഴയത്ത് പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാത വെള്ളത്തിൽ മുങ്ങുന്നത് പതിവാകുന്നു. ഓടകൾ നിർമ്മിക്കാത്തതും നിലവിലുള്ള ഓടകളിൽ മണ്ണടിഞ്ഞതും മൂലമാണിത്. മന്നൂർക്കോണം മുതൽ തേവിയോട് വരെയാണ് റോഡ് വെള്ളത്തിൽ മുങ്ങുന്നത്. മഴയത്ത് റോഡിലേക്ക് മണ്ണും കല്ലും ചെളിയും ഒലിച്ചിറങ്ങി റോഡ് വികൃതമായി മാറുന്നുണ്ട്. ഇതുമൂലം യാത്രാതടസവും, അപകടങ്ങളും ഉണ്ടാകുന്നു.