യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റില്‍

Wednesday 23 April 2025 1:03 AM IST

കഴക്കൂട്ടം: മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് 2 യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ ആനയറ സ്വദേശി സുജി എന്ന അജി (42), വെയിലൂർ ശാസ്തവട്ടം സ്വദേശികളായ എസ്.സുധി (42),ഇന്ദ്രൻസ് എന്ന സുനി (48),എസ്.ശിവകുമാർ (45) എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു.വെയിലൂർ ശാസ്തവട്ടം ആലുവിള വീട്ടിൽ ആർ.വിഷ്ണു (29),കൈലാത്തുകോണം സ്വദേശി ശ്രീജു വിനു എന്നിവരെയാണ് ആക്രമിച്ചത്. ഗൾഫിൽ നിന്നു അവധിക്കെത്തിയ വിഷ്ണുവും സുഹൃത്ത് ശ്രീജുവും തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകുംവഴി സുധി തന്റെ വീട്ടിലേക്ക് മദ്യപിക്കാൻ ക്ഷണിച്ചു. അവിടെവച്ച് പ്രതികളുമായി വിഷ്ണുവും ശ്രീജുവും വാക്കുതർക്കത്തിൽ ഏർപ്പെടുകയും അസഭ്യം പറഞ്ഞുകൊണ്ട് പ്രതികൾ ഇവരെ മർദ്ദിക്കുകയുമായിരുന്നു. അജിയുടെ കൈയിൽ കരുതിയ വെട്ടുകത്തി കൊണ്ട് ശ്രീജുവിനെ വെട്ടാൻ ശ്രമിച്ചപ്പോൾ ശ്രീജു വീടിന് പുറത്തേക്ക് ഓടി. തുടർന്ന് പ്രതികൾ വിഷ്ണുവിനെ ചവിട്ടി നിലത്തിടുകയും തലയിലും ഇരുകൈമുട്ടുകളിലും കാലുകളിലും വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.