ദാ തൊട്ടടുത്ത് !
- സ്വരാജ് റൗണ്ടിൽ മാത്രം 18,000 പേർക്ക് വെടിക്കെട്ട് കാണാം
തൃശൂർ : കരിമരുന്നിന്റെ ഇന്ദ്രജാലം സ്വരാജ് റൗണ്ടിൽ നിന്നും ഇത്തവണ കാണാം. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമം നിലനിൽക്കേ ജില്ലാ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം ഉപയോഗിച്ചാണ് വെടിക്കെട്ട് നടത്തുക. സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും പിറ്റേന്നുള്ള കലാശ വെടിക്കെട്ടും ഈ രീതിയിൽ നടത്തും. ഇന്നലെ മന്ത്രി കെ.രാജൻ, മേയർ എം.കെ.വർഗീസ്, പി.ബാലചന്ദ്രൻ എം.എൽ.എ, കളക്ടർ അർജുൻ, എ.ഡി.എം ടി.മുരളി, തഹസിൽദാർ ടി.ജയശ്രീ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, എ.സി.പി സലീഷ് എൻ.ശങ്കർ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി കെ.സി.സേതു, ദേവസ്വം ഭാരവാഹികളായ ജി.രാജേഷ്, കെ.ഗിരീഷ് കുമാർ എന്നിവരടങ്ങുന്ന സംഘം സ്ഥല പരിശോധന നടത്തി.
മാഗസിൻ ഇല്ലാതാകും
വെടിക്കെട്ട് പുര (മാഗസിൻ) സങ്കൽപ്പം ഇല്ലാതാക്കിയാണ് ഇത്തവണ വെടിക്കെട്ട് നടത്തുക. പെസോയുടെ നിയമപ്രകാരം കഴിഞ്ഞതവണ മാഗസിനിൽ നിന്ന് 45 മീറ്റർ ഫയർലൈനും ഫയർലൈനിൽ നിന്നും നൂറ് മീറ്റർ അകലെയും ആളുകൾക്ക് നിൽക്കാമെന്നായിരുന്നെങ്കിൽ ഇത്തവണ അതിൽ മാറ്റം വരും. വെടിക്കെട്ട് സജ്ജീകരണം പൂർണമാകുന്നതോടെ മാഗസിൻ ഒഴിവാകും.
വെടിക്കെട്ട് ഉള്ളിലേക്ക് നീങ്ങും
മുൻവർഷങ്ങളിൽ വെടിക്കെട്ട് നടന്നിരുന്ന സ്ഥലത്ത് നിന്നും 15 മീറ്ററോളം ഉള്ളിലേക്ക് നീങ്ങിയാകും ഫയർ ലൈൻ. ഇത് മുൻകാലങ്ങളിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ ഇടയാക്കും. ഇതോടെ കൂടുതൽ പേർക്ക് സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാനാകുമെന്ന് മന്ത്രി കെ.രാജൻ പ്രത്യാശ പ്രകടിപ്പിച്ചു. വെടിക്കെട്ടുപുര സംവിധാനം ഇല്ലാതാകുന്നതോടെ പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും കലാശസ്ഥലങ്ങളിലും മാറ്റം വരുത്താനാകും. ഇതിന്റെ അടിസ്ഥാനത്തിലുള്ള മാപ്പ് തയ്യാറാക്കിയാണ് മുന്നോട്ടുപോകുന്നത്. പുതിയ രൂപരേഖ തയ്യാറാകുന്നതോടെ സ്വരാജ് റൗണ്ടിൽ മാത്രം 18,000 ഓളം പേർക്ക് വെടിക്കെട്ട് കാണാനാകും. എം.ഒ റോഡിൽ കഴിഞ്ഞതവണയുണ്ടായിരുന്ന നിയന്ത്രണങ്ങളിലും ഇളവ് വരുത്താനാകുമെന്നും അധികൃതർ വ്യക്തമാക്കി.
റൗണ്ടിൽ നിന്ന് കാണാവുന്ന സ്ഥലങ്ങൾ
ആളുകൾക്ക് പ്രവേശനം 1. സ്വരാജ് റൗണ്ടിൽ പത്തായപ്പുര മുതൽ കറന്റ് ബുക്സ് വരെ 2. ബിനി മുതൽ പാറമേക്കാവ് റോഡ് വഴി ജോസ് തിയേറ്റർ വരെ
പ്രവേശനമില്ല
തിരുവമ്പാടി വെടിക്കെട്ട് നടക്കുന്ന മേഖലയായ കറന്റ് ബുക്സിന് വടക്കോട്ട് നായ്ക്കനാൽ മുതൽ ബിനി വരെയും പാറമേക്കാവിന്റെ വെടിക്കെട്ട് നടക്കുന്ന ജോസ് തിയേറ്റർ മുതൽ പത്തായപ്പുര വരെയും പ്രവേശനമുണ്ടായിരിക്കില്ല.
പൂരം കൊടിയേറ്റം ഏപ്രിൽ 30 പൂര വിളംബരം മേയ് 5 പൂരം മേയ് 6 സാമ്പിൾ വെടിക്കെട്ട് മേയ് 4 പൂരം വെടിക്കെട്ട് ഏഴിന് പുലർച്ചെ പകൽ വെടിക്കെട്ട് ഏഴിന് ഉച്ചയ്ക്ക്
പൂരം വെടിക്കെട്ടിന് യാതൊരു ആശങ്കയും ഇല്ല. ത്രിതല പ്ലാൻ തയ്യാറാക്കിയാണ് മുന്നോട്ടുപോകുന്നത്.
കെ.രാജൻ മന്ത്രി.