വ്യാപാര കരാറിൽ നിർണായക പുരോഗതി: വ്യവസ്ഥകൾക്ക് അന്തിമ രൂപം നൽകി ഇന്ത്യയും യു.എസും

Wednesday 23 April 2025 12:55 AM IST

ജയ്പൂർ: ഇന്ത്യ- യു.എസ് വ്യാപാര കരാറിൽ നിർണായക പുരോഗതി കൈവരിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. കരാറിനായുള്ള വ്യവസ്ഥകൾക്ക് അന്തിമ രൂപം നൽകിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയും യു.എസും വിജയകരമായ പങ്കാളിത്തത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും വാൻസ് അറിയിച്ചു. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ അദ്ദേഹം രാജസ്ഥാനിലെ ജയ്‌പൂരിൽ സംസാരിക്കുകയായിരുന്നു. തിങ്കളാഴ്ച വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു.

' വ്യാപാര ചർച്ചകൾക്കുള്ള പരിഗണനാ വിഷയങ്ങളിൽ ഇന്ത്യയും യു.എസും അന്തിമ ധാരണയിലെത്തി. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള അന്തിമ കരാറിലേക്കുള്ള വഴികാട്ടിയാണിത്. അമേരിക്കയും ഇന്ത്യയും വളരണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നു. വ്യാപാരം, പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും. ട്രംപ് ആഗോള വ്യാപാരം പുനഃസന്തുലിതമാക്കാൻ ശ്രമിക്കുന്നു. ഇന്ത്യ പോലുള്ള സുഹൃത്തുക്കളുമായി ചേർന്ന് യു.എസിന് മികച്ച ഭാവി കെട്ടിപ്പടുക്കാൻ കഴിയും. നമ്മുടെ രാജ്യങ്ങൾക്ക് പരസ്പരം ഒരുപാട് കാര്യങ്ങൾ വാഗ്ദാനം ചെയ്യാനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ പങ്കാളികളായി നിങ്ങളുടെ അടുത്തേക്ക് വരുന്നത്." - വാൻസ് പറഞ്ഞു. ജയ്പൂരിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ വാൻസും കുടുംബവും സന്ദർശിച്ചു.

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ആമേർ കോട്ടയിൽ വാൻസിനും ഭാര്യ ഉഷ വാൻസിനും മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവർക്കും

വൻ സ്വീകരണമൊരുക്കി. നാടോടി കലാകാരന്മാരുടെ പ്രകടനങ്ങളോടെ പരമ്പരാഗത രാജസ്ഥാനി സ്വീകരണമാണ് നൽകിയത്.

മോദി ജനകീയ നേതാവ്,

സ്വീകാര്യതയിൽ അസൂയ

ജനാധിപത്യ രാജ്യങ്ങളിലെ ഏറ്റവും ജനകീയനായ നേതാവാണ് നരേന്ദ്ര മോദിയെന്നും മോദിയുടെ സ്വീകാര്യതയിൽ അസൂയയുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞതായും വാൻസ് പറഞ്ഞു. ബൈഡൻ ഭരണകൂടത്തെ പോലെ മോദിയെ ഉപദേശിക്കുന്ന സമീപനം ട്രംപ് സർക്കാരിനില്ലെന്നും പറഞ്ഞു. ഇന്ന് വാൻസ്

താജ്മഹൽ സന്ദർശിക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലായിരുന്നു വാൻസിനും കുടുംബത്തിനും അത്താഴ വിരുന്ന് ഒരുക്കിയിരുന്നത്.

മയിൽപ്പീലി സമ്മാനം

മോദി കഴിഞ്ഞ ദിവസം വാൻസിന്റെ മക്കളെ മയിൽപ്പീലി നൽകിയാണ് സ്വീകരിച്ചത്. വാൻസിനെയും കുടുംബത്തിനെയും ഔദ്യോഗിക വസതിയും പരിസരവും ചുറ്റിനടന്ന് കാണിക്കുകയും ചെയ്തു.