100 കോടി രൂപയുടെ ഇടപാടുകൾ, നടൻ മഹേഷ് ബാബുവിന് ഇ.ഡി സമൻസ്

Wednesday 23 April 2025 12:57 AM IST

ഹൈദരാബാദ്: റിയൽ എസ്റ്രേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ തെലുങ്ക് നടൻ മഹേഷ് ബാബുവിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. സുരാന ഗ്രൂപ്പ്, സായ് സൂര്യ ഡെവലപ്പേഴ്സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ഞായറാഴ്ച മഹേഷ് ബാബു ഇ.ഡിക്കു മുമ്പിൽ ഹാജരാകണം. പരസ്യത്തിൽ അഭിനയിച്ചതിന് സുരാനാ ഗ്രൂപ്പിൽ നിന്ന് 5.5 കോടി രൂപയും പ്രമോഷൻ പരിപാടികൾക്കായി സായ് സൂര്യ ഗ്രൂപ്പിൽ നിന്ന് 5.9 കോടി രൂപയും മഹേഷ് ബാബു വാങ്ങിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സായ് സൂര്യ ഗ്രൂപ്പിൽ നിന്ന് 2.5 കോടി രൂപ പണമായും 3.4 കോടി ചെക്കായുമാണ് വാങ്ങിയത്.

സുരാന ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, സായ് സൂര്യ ഡെവലപ്പേഴ്സ്, ഭാഗ്യനഗർ പ്രോപ്പർട്ടീസ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നൂറ് കോടി രൂപയുടെ അനധികൃത ഇടപാടുകൾ ഇ.ഡി കണ്ടെത്തിയിരുന്നു. പരിശോധനയിൽ 74.5 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. സുരാന ഗ്രൂപ്പ് ചെയർമാൻ നരേന്ദ്ര സുരാനയുടേയും എം.ഡി ദേവേന്ദർ സുരാനയുടേയും വീടുകളിൽ നിന്നും സായ് സൂര്യ ഡെവലപ്പേഴ്സിൽ നിന്നും നിർണായകമായ തെളിവുകൾ തെളിവുകൾ ലഭിച്ചുവെന്നും ഇ.ഡി പറയുന്നു. റിയൽ എസ്റ്റേറ്റിന്റെ മറവിൽ സുരാനാ ഗ്രൂപ്പ് വൻ തട്ടിപ്പ് നടത്തിയെന്നും അറിയിച്ചു.