ഞങ്ങൾ സുരക്ഷിതർ, സ്ഥിതി അതിഭീകരം‌: ടി.സിദ്ദീഖ്

Wednesday 23 April 2025 3:32 AM IST

കൽപ്പറ്റ:''ഞങ്ങൾ സുരക്ഷിതരാണ്.പക്ഷെ സ്ഥിതി അതിവ ഗുരുതരവും.പുറത്തിറങ്ങാൻപറ്റുന്നില്ല.ചുറ്റും പൊലീസും സൈന്യവുമാണ്.ടൂറിസത്തെ തകർക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.''ടി.സിദ്ദീഖ് എം.എൽ.എ 'കേരളകൗമുദി'യോട് പറഞ്ഞു.ശ്രീനഗറിൽ നടക്കുന്ന നിയമസഭാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കാനാണ് കേരളത്തിൽ നിന്നുളള നാല് അംഗ നിയമസഭാ അഷ്വറൻസ് കമ്മറ്റി അംഗങ്ങൾ ഇന്നലെ ബംഗളൂരു വഴി ശ്രീനഗറിൽ വൈകിട്ട് അഞ്ചരക്ക് എത്തിയത്.എത്തിയപ്പോൾ തന്നെ സംഭവത്തിന്റെ ഗൗരവം നേരിട്ട് മനസിലാക്കാൻകഴിഞ്ഞുവെന്നും ടി.സിദ്ദീഖ് പറഞ്ഞു. എം.എൽ.എമാരുടെ കുടുംബങ്ങൾ ഉൾപ്പെടെ പതിനൊന്നോളം പേരാണ് സംഘത്തിൽ ഉളളത്.

ഇന്ന് ശ്രീനഗറിൽ നിയമസഭാ കമ്മറ്റിയുടെ യോഗം നടക്കുന്നുണ്ട്. മാറ്റിവച്ചതായി വിവരം കിട്ടിയിട്ടില്ല.പങ്കെടുക്കാൻ പറ്റുമോ എന്നും അറിയില്ലെന്നും ടി.സിദ്ദീഖ് പറഞ്ഞു.

കേരളത്തിൽ നിന്ന് മുഖ്യമന്ത്രി,സ്പീക്കർ,പ്രതിപക്ഷ നേതാവ് എന്നിവർ ഫോണിൽ ബന്ധപ്പെട്ടുവെന്നും സിദ്ദീഖ് പറഞ്ഞു.ശ്രീനഗറിൽ നിന്ന് എൺപത് കിലോ മീറ്റർ അകലെയാണ് സംഭവം നടന്നത്. അക്രമം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെത്തിയ സംഘത്തെ കാണാൻ കഴിഞ്ഞുവെന്നും സിദ്ദീഖ് പറഞ്ഞു.