ആ​ക്ര​മ​ണം അ​സാ​ധാ​ര​ണം

Wednesday 23 April 2025 2:38 AM IST

ജമ്മു കാശ്മീരിലെ ഇന്നലത്തെ ഭീകരാക്രമണം അസാധാരണമായ ഒന്നാണ്. അടുത്തകാലത്തുണ്ടായ ഏറ്റവും ഭീകരമായ ആക്രമണമാണിത്. ഇത് പ്രതീക്ഷിക്കേണ്ടതായിരുന്നു. ലോകം ഉറ്റുനോക്കുന്ന രണ്ട് പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഭവങ്ങൾ നടക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഒന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്ത്യൻ സന്ദർശനത്തിലാണ്. ലോകം മുഴുവൻ ഭയപ്പെടുത്തിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓരോ നീക്കങ്ങൾ നടത്തുമെങ്കിലും സുപ്രധാനമായൊരു വാണിജ്യ കരാറിൽ ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയുമായി ഏർപ്പെടാമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ പുരോഗതിക്ക് വേണ്ടിയാണ് വൈസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യൻ സന്ദർശനത്തിലാണ്. സൗദിയും ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചാണ് പാകിസ്ഥാൻ എപ്പോഴും ആശങ്കപ്പെടുന്നത്. ഈ രണ്ട് സംഭവവികാസങ്ങളുടെ കണ്ണിലൂടെ നോക്കിക്കാണുമ്പോൾ ഇതൊരു നിസാരസംഭവമല്ലെന്ന് മനസിലാകുന്നു. വിദേശികളെയാണ് ഭീകരവാദികൾ ലക്ഷ്യമിട്ടത്. ഇതിലൂടെ ലോക വാർത്തകളിൽ ഇടംനേടാനായി മനഃപൂർവം ശ്രമിക്കുകയാണ്. മാർപ്പാപ്പ മരിച്ച് ലോകം മുഴുവൻ പ്രാർത്ഥനകളുമായി കഴിയുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇങ്ങനെ ചെയ്തതും കരുതിക്കൂട്ടിയാണ്. പാകിസ്ഥാനും അമേരിക്കയുമായുള്ള ബന്ധത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ട്രംപ് പാകിസ്ഥാനെ വളരെ മോശമായാണ് ചിത്രീകരിച്ചിരുന്നത്. ഇപ്പോൾ അദ്ദേഹം താലിബാനുമായി ചേർന്ന് പാകിസ്ഥാനെ എതിർക്കാൻ വരെ നിൽക്കുകയാണ്. ടി.ആർ.എഫ് എന്ന പുതിയ സംഘടനയാണ് പാകിസ്ഥാന്റെ പിന്തുണയോടെ ഇത് ചെയ്തത്. ജനാധിപത്യ സർക്കാരാണ് കാശ്മീർ ഭരിക്കുന്നത്. ആർട്ടിക്കിൾ 370 തിരിച്ചുവരാൻ സാദ്ധ്യതയില്ല. ഒരുവശത്ത് ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കുകയും മറുവശത്ത് പാകിസ്ഥാൻ വളരെ ദുർബലരായിപ്പോകുകയും ചെയ്യുന്ന സാഹചര്യമാണിത്. യു.എസ് പ്രസിഡന്റ് ആയിരുന്ന ക്ലിന്റൺ ഇന്ത്യ സന്ദർശിച്ചപ്പോഴും ഇതുപോലെ സംഭവിച്ചു. ഇന്ത്യ-യു.എസ് ബന്ധം വളരുമ്പോഴെല്ലാം പാകിസ്ഥാൻ ആശങ്കപ്പെടാറുണ്ട്. ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പ്രധാനപ്പെട്ട പ്രത്യാഘാതങ്ങളുണ്ടാവും. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രി കാശ്മീരിലേയ്ക്ക് പോയത്. വിദേശികളെ ആക്രമിച്ചതോടെ ഇങ്ങോട്ടേക്ക് സഞ്ചാരികൾ എത്താതെയാക്കുന്നതും അവരുടെ ലക്ഷ്യമാണ്. വാണിജ്യ കരാറിന്റെ വാർത്തകൾക്ക് പകരം ഭീകരാക്രമണത്തിന്റെ വാർത്തകൾ തലക്കെട്ടുകളിൽ ഇടം നേടും. ആക്രമണത്തിന്റെ ഭീകരത ഇനിയും കഴിഞ്ഞിട്ടില്ലെന്ന് വേണം കരുതാം.