വലിയ ഇടയന് പ്രണാമമർപ്പിച്ച് ലോകം

Wednesday 23 April 2025 6:36 AM IST

സംസ്‌കാരം ശനിയാഴ്‌ച, ഇന്നുമുതൽ പൊതുദർശനം

വത്തിക്കാൻ: നിത്യതയിൽ ലയിച്ച ഫ്രാൻസിസ് മാർപാപ്പയുടെ (88) സംസ്‌കാരം ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് (പ്രാദേശിക സമയം രാവിലെ 10) വത്തിക്കാനിലെ സെന്റ് പീറ്രേഴ്സ് ബസിലിക്കയ്ക്ക് മുന്നിൽ നടക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് കോളേജ് ഒഫ് കർദ്ദിനാൾസ് തലവൻ ജിയോവനി ബാറ്റിസ്റ്റ റേ നേതൃത്വം വഹിക്കും. തുടർന്ന് ഭൗതികശരീരം സംസ്കാരത്തിനായി റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടു പോകും.

അതേ സമയം, മാർപാപ്പയുടെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 12.30 മുതൽ സെന്റ് പീറ്രേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്‌ക്കും. ഔദ്യോഗിക വസതിയായ വത്തിക്കാനിലെ കാസ സാന്റ മാർത്തയിലെ ചാപ്പലിൽ തുറന്ന തടിപ്പെട്ടിയ്ക്കുള്ളിൽ മാർപാപ്പയുടെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ വത്തിക്കാൻ ഇന്നലെ പുറത്തുവിട്ടിരുന്നു.

തിങ്കളാഴ്ച രാവിലെ 11.05നായിരുന്നു മാർപാപ്പയുടെ അന്ത്യം. പക്ഷാഘാതവും തുടർന്നുണ്ടായ ഹൃദയസ്തംഭനവുമാണ് മരണ കാരണം. തിങ്കളാഴ്ച രാത്രി വൈകിയാണ് വത്തിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റും മാർപാപ്പയുടെ മരണപത്രവും പുറത്തുവിട്ടത്. ഗുരുതര ന്യുമോണിയ ബാധയെ തുടർന്ന് ഒരു മാസത്തിലേറെ നീണ്ട ആശുപത്രിവാസത്തിനു ശേഷം സുഖംപ്രാപിച്ചുവരികയായിരുന്നു മാർപാപ്പ. ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തി വിശ്വാസികളെ അനുഗ്രഹിച്ച ശേഷമായിരുന്നു അപ്രതീക്ഷിത വിയോഗം.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന രഹസ്യയോഗമായ ' കോൺക്ലേവ് " മേയ് 6നോ ശേഷമോ തുടങ്ങും. തീയതി മാർപാപ്പയുടെ സംസ്കാര ശേഷം പ്രഖ്യാപിക്കും. അതുവരെ വരെ വത്തിക്കാന്റെ മേൽനോട്ടം കർദ്ദിനാൾ കെവിൻ ഫാരലിനാണ്. വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങളും ആസ്തികളും കൈകാര്യം ചെയ്യുന്ന 'കാമർലെംഗോ" ആണ് ഇദ്ദേഹം.

# ചടങ്ങുകൾ ലളിതം (മാർപാപ്പ 2022ൽ തയ്യാറാക്കിയ മരണപത്രത്തിൽ നിന്ന് )

 അന്ത്യവിശ്രമം സെന്റ് പീറ്രേഴ്സ് ബസിലിക്കയ്ക്ക് പകരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ

 കല്ലറ നിലത്തായിരിക്കണം. ലളിതമാകണം. പ്രത്യേക അലങ്കാരങ്ങൾ പാടില്ല. ലാറ്റിനിൽ ഫ്രാൻസിസ് എന്ന് മാത്രം മതി

 സംസ്‌കാരച്ചെലവിനുള്ള തുക ഒരു അഭ്യുദയകാംക്ഷി വഹിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്

-------------------------

 നിഴൽപോലെ മാസിമിലിയാനോ, നന്ദി അറിയിച്ച് മാർപാപ്പയുടെ മടക്കം

വത്തിക്കാൻ: 'എന്നെ ചത്വരത്തിലേക്ക് വീണ്ടും കൊണ്ടുപോയതിന് നന്ദി..." നിത്യതയിലേക്ക് അലിയും മുന്നേ, തന്നോടൊപ്പം നിഴൽപോലെ ഉണ്ടായിരുന്ന നഴ്സും സഹായിയുമായ മാസിമിലിയാനോ സ്ട്രാപെറ്റിയോട് മാർപാപ്പ പറഞ്ഞ അവസാന വാക്കുകളിൽ ഒന്ന് ഇതായിരുന്നു. രോഗാവസ്ഥയിലും അതിന് മുമ്പും മാർപാപ്പയെ അക്ഷീണം പരിപാലിച്ച മാസിമിലിയാനോ, മാർപാപ്പയുടെ നിത്യതയിലേക്കുള്ള യാത്രയ്ക്കും സാക്ഷിയായി. ഫെബ്രുവരി 14 മുതൽ 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ ന്യുമോണിയയോട് പൊരുതുമ്പോൾ മാർപാപ്പയുടെ അരികിൽ മാസിമിലിയാനോ ഉണ്ടായിരുന്നു. ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്രേഴ്സ് ബസിലിക്കയിൽ വിശ്വാസികൾക്ക് അനുഗ്രഹ സന്ദേശം നൽകുമ്പോഴും, തലേ ദിവസം സെന്റ് പീറ്രേഴ്സ് ബസിലിക്കയിൽ ഹ്രസ്വ സന്ദർശനം നടത്തിയപ്പോഴും മാർപാപ്പയ്ക്കൊപ്പം മാസിമിലിയാനോ ഉണ്ടായിരുന്നു. ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തന്റെ പ്രത്യേക വാഹനത്തിൽ സഞ്ചരിച്ചു കൊണ്ട് 50,000ത്തോളം വിശ്വാസികളെ അവസാനമായി ആശിർവദിക്കാൻ മാർപാപ്പ അതിയായി ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും തനിക്ക് അതിന് സാധിക്കുമോ എന്ന് മാർപാപ്പ മാസിമിലിയാനോയോട് ചോദിച്ചിരുന്നതായി പറയുന്നു. ഈസ്റ്ററിന് വിശ്വാസികളെ അനുഗ്രഹിച്ച് വസതിയിലെത്തിയ മാർപാപ്പ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച, പ്രാദേശിക സമയം പുലർച്ചെ 5.30ഓടെ അദ്ദേഹത്തിന് പെട്ടെന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഒരു മണിക്കൂറിന് ശേഷം കിടക്കയിൽ കിടന്ന് അദ്ദേഹം മാസിമിലിയാനോയ്ക്ക് നേരെ കൈ കൊണ്ട് വിടവാങ്ങൽ ആംഗ്യം കാട്ടി. പിന്നാലെ കോമയിലേക്ക് വഴുതി വീണു. അവസാന നിമിഷങ്ങളിൽ വേദനയിലൂടെ അദ്ദേഹം കടന്നുപോയില്ലെന്നും എല്ലാം ശാന്തമായി വളരെ പെട്ടെന്നായിരുന്നെന്നും ഒപ്പമുണ്ടായിരുന്നവർ പറയുന്നു. രാവിലെ 7.35നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കോമയിലായ അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.  ലോകനേതാക്കൾ വത്തിക്കാനിലേക്ക്

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ലോക നേതാക്കൾ വത്തിക്കാനിലേക്ക്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും ശനിയാഴ്ച നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ മാർപാപ്പയുടെ നിലപാടിനോടുള്ള വിയോജിപ്പ് ട്രംപ് മുമ്പ് പരസ്യമാക്കിയിട്ടുണ്ട്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡസിൽവ, പോളിഷ് പ്രസിഡന്റ് ആൻഡ്രെയ് ഡ്യൂഡ, യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ,​ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.