അവസാന നിമിഷവും വിശ്വാസികൾക്കായി...
വത്തിക്കാൻ: ഒരു മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനിൽ തിരിച്ചെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലൂടെ കടന്നുപോയ അദ്ദേഹത്തിന് ആരോഗ്യം പൂർണമായും വീണ്ടെടുക്കാൻ ഏറെ സമയം വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
വത്തിക്കാനിലെ വസതിയിൽ രോഗമുക്തി നേടുന്നതിനൊപ്പം തന്റെ ഔദ്യോഗിക ജോലികൾ നിർവഹിക്കാനും മാർപാപ്പ പരമാവധി ശ്രദ്ധിച്ചിരുന്നു. അവസാന ദിവസങ്ങളിൽ ഡോക്ടർമാരുടെ മുന്നറിയിപ്പ് മറികടന്നായിരുന്നു മാർപാപ്പ തന്റെ കർത്തവ്യത്തിൽ മുഴുകിയത്. വത്തിക്കാനിലെ ഈസ്റ്റർ ആഘോഷങ്ങൾക്ക് കോളേജ് ഒഫ് കർദ്ദിനാൾസ് തലവൻ ജിയോവനി ബാറ്റിസ്റ്റ റേ അടക്കമുള്ള പുരോഹിതരാണ് നേതൃത്വം നൽകിയത്.
എന്നാൽ അനുഗ്രഹ സന്ദേശം നൽകാനും വിശ്വാസികളെ ആശിർവദിക്കാനും മാർപാപ്പയെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. ഈസ്റ്ററിന് മാർപാപ്പയുടെ അഭാവം വിശ്വാസികൾക്കുണ്ടാകാൻ പാടില്ലെന്ന് അവശതകൾക്കിടെയിലും അദ്ദേഹം ഉറപ്പിച്ചിരുന്നതായി അടുപ്പക്കാർ പറയുന്നു. മരണത്തിന്റെ തലേന്ന്, ഈസ്റ്റർ ദിനത്തിൽ മാർപാപ്പ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെയ് പ്ലെൻകോവിചും കുടുംബവും അന്നേ ദിവസം മാർപാപ്പയെ കണ്ടിരുന്നു.