പഹൽഗാം ഭീകരാക്രമണം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു

Wednesday 23 April 2025 7:09 AM IST

പഹല്‍ഗാം: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ (68) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ നടപടി ആരംഭിച്ചു. രാമചന്ദ്രൻ തിങ്കളാഴ്ചയാണ് കാശ്മീരിലേക്ക് പോയത്. മകളുടെ മുന്നില്‍വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് മകള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് ലഭ്യമാകുന്ന വിവരം.

കൊല്ലപ്പെട്ട 28പേരുടെയും മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ രണ്ട് ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്.

അതേസമയം, പഹൽഗാമിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാശ്മീരിൽ തങ്ങി സ്ഥിതി വിലയിരുത്തുകയാണ്. അദ്ദേഹം ഇന്ന് പഹൽഗാമിലെത്തും.

ഭീകരാക്രമണത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങി. ഭീകരർക്കായി സുരക്ഷാസേനയും ജമ്മു കാശ്മീർ പൊലീസും സംയുക്ത തെരച്ചിൽ തുടരുകയാണ്. പഹൽഗാം, ബൈസ രൺ, അനന്ത് നാഗ് മേഖലകളിലാണ് പരിശോധന. അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡൽഹിക്ക് പുറമെ യുപിയിലും സുരക്ഷ കൂട്ടി വിനോദ സഞ്ചാര മേഖലകളിൽ നിരീക്ഷണം കർശനമാക്കും.

ഇന്നലെയാണ് അശാന്തിയുടെ കാർമേഘങ്ങൾ ഒഴിഞ്ഞുനിന്നിരുന്ന കാശ്മീരിനെ വീണ്ടും കുരുതിക്കളമാക്കിയ ഭീകരാക്രമണം ഉണ്ടായത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു ആക്രമണം. പഹൽഗാമിലെ ബൈസരൻ ഹിൽ സ്റ്റേഷനിൽ സൈനിക വേഷത്തിൽ മലയിറങ്ങിവന്ന നാലു ഭീകരർ വിനോദസഞ്ചാരികൾക്കുനേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവസ്ഥലം സൈന്യം വളഞ്ഞതോടെ ഭീകരർ കുന്നുതാണ്ടി രക്ഷപ്പെട്ടു.

വിനോദ സഞ്ചാരികൾ ഇരുന്ന സ്ഥലത്തേക്ക് ഇരച്ചെത്തിയ ഭീകരർ നിഷ്‌ക്കരുണം വെടിയുതിർക്കുകയായിരുന്നു. സൈനിക വേഷത്തിൽവന്ന ഭീകരരിൽ മൂന്നുപേർ വിദേശികളും ഒരാൾ നാട്ടുകാരനുമെന്ന് സൂചന. 'മിനി-സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന മലനിരകൾ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവരാണ് ഇരയായത്.

കാൽനടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹില്ലി സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മേഖലയിലെ ബൈസരൻ. സുരക്ഷാ സേനയും രക്ഷാദൗത്യ സംഘങ്ങളും ഹെലികോപ്ടർമാർഗമാണ് സ്ഥലത്തേക്ക് പാഞ്ഞത്.