പഹൽഗാം ആക്രമണം; പാകിസ്ഥാനിലിരുന്ന് നിയന്ത്രിച്ചത് ലഷ്‌കർ ഇ തയ്‌ബയിലെ സെയ്‌ഫുള്ള കസൂരി

Wednesday 23 April 2025 9:27 AM IST

പഹൽഗാം: ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്‌ബയുടെ കമാൻഡർ സെയ്‌ഫുള്ള കസൂരിയെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലിരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നാണ് വിവരം. സ്ഥലത്ത് നിന്ന് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് ഭീകരരെത്തിയ വാഹനമെന്നാണ് റിപ്പോർട്ട്. ഇത് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

കാശ്‌മീരിലുള്ള രണ്ടുപേർ ഉൾപ്പടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. 2017ൽ പരിശീലനത്തിനായി ഇവർ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേർന്നുവെന്നാണ് വിലയിരുത്തൽ. എൻഐഎ സംഘം പഹൽഗാമിലേക്ക് പോയിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതെന്നാണ് വിവരം.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി.