പഹൽഗാം ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി പാകിസ്ഥാൻ, മുട്ടിടിക്കുന്നുണ്ടെങ്കിലും ഇന്ത്യക്കെതിരെ ആരോപണം

Wednesday 23 April 2025 11:11 AM IST

ഇസ്‌ലാമാബാദ്: ജമ്മുകാശ്മീൽ പഹൽഗാമിലെ ബൈസരൻ ഹിൽ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിൽ ആദ്യ പ്രതികരണവുമായി പാകിസ്ഥാൻ. ആക്രമണത്തിൽ തങ്ങളെ കുറ്റപ്പെടുത്തരുതെന്നും ഇത് ആഭ്യന്തര കലാപമാണെന്നും ഇന്ത്യക്കെതിരായ കലാപത്തിന്റെ ഭാഗമാണെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. പാകിസ്ഥാന്റെ ലൈവ് 92 ന്യൂസ് ചാനലിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

'ആക്രമണവുമായി പാകിസ്ഥാന് ബന്ധമില്ല. നാഗാലാൻഡ് മുതൽ കാശ്‌മീർ വരെയും ചത്തീസ്‌ഡഗിലും മണിപ്പൂരിലും ദക്ഷിണേന്ത്യയിലുമെല്ലാം കലാപങ്ങൾ നടക്കുകയാണ്. ആക്രമണം വിദേശ ഇടപെടലുകളുടെ ഭാഗമായി ഉണ്ടായതല്ല, മറിച്ച് പ്രാദേശിക പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ്. ഇത് അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരാണ്. ഹിന്ദുത്വ ശക്തികൾ ന്യൂനപക്ഷങ്ങളെയും ക്രിസ്ത്യാനികളെയും ബുദ്ധമതക്കാരെയും മുസ്ലീങ്ങളെയും അടിച്ചമർത്തുകയാണ്. അതിനാൽ ആളുകൾ പ്രതികരിക്കുന്നു. ബലൂചിസ്ഥാനിലെ സംഘർഷങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുകയാണ്. പാകിസ്ഥാനിലെ അസ്ഥിരതയ്ക്ക് പിന്നിൽ ഇന്ത്യയുടെ കരങ്ങളുണ്ടെന്നതിന് നിരവധി തവണ തെളിവുകൾ ഞങ്ങൾ ഹാജരാക്കിയിട്ടുണ്ട്.

ഏത് സാഹചര്യത്തിലും ഭീകരവാദത്തെ എതിർക്കുന്നവരാണ് പാകിസ്ഥാൻ. സ്വന്തം പൗരന്മാരോടുള്ള ഇന്ത്യയുടെ സമീപനമാണ് സംഘർഷങ്ങൾക്ക് വഴിതെളിക്കുന്നത്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട ആളുകൾക്കെതിരെ സൈന്യവും പൊലീസും അതിക്രമങ്ങൾ നടത്തുന്നു, എന്നിട്ട് പാകിസ്ഥാനെ പഴിക്കുന്നു' പാക് പ്രതിരോധ മന്ത്രി ആരോപിച്ചു. എന്നാൽ പാകിസ്ഥാന്റെ ആരോപണങ്ങളിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

ജമ്മുകാശ്മീരിലെ പഹൽഗാമിലെ ബൈസരൻ ഹിൽ സ്റ്റേഷനിൽ സൈനിക വേഷത്തിൽ മലയിറങ്ങിവന്ന ഭീകരർ വിനോദസഞ്ചാരികൾക്കുനേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. പത്തിലേറെപ്പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ടു വിദേശികളും ഉണ്ടെന്നാണ് വിവരം.

ആക്രമണത്തിന് കാരണക്കാരായാവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ വ്യക്തമാക്കിയിരിക്കുകയാണ്. സാഹചര്യം മുന്നിൽ കണ്ട് പാകിസ്ഥാൻ തങ്ങളുടെ അതിർത്തി സുരക്ഷ ശക്തമാക്കിയെന്നാണ് വിവരം. ഇത് സംബന്ധിച്ച് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.