ഭർത്താവിനെ കൊന്നു, ഒരപേക്ഷയേയുള്ളൂ, സൈനികരെ ഭീകരരാണെന്ന് തെറ്റിദ്ധരിച്ച് സ്ത്രീ പറഞ്ഞത്‌; രക്ഷിക്കാൻ ഞങ്ങളുണ്ടെന്ന് മറുപടി

Wednesday 23 April 2025 12:51 PM IST

ശ്രീനഗർ: ഇന്ത്യക്കാരുടെ ഹൃദയം തകർക്കുന്ന വാർത്തകളാണ് ഓരോ നിമിഷവും പഹൽഗാമിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. പൊലീസിന്റെയും സൈനികരുടെയുമൊക്കെ യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഭീകരർ വിനോദ സഞ്ചാരികൾക്ക് മുന്നിലെത്തിയത്. അതിനാൽത്തന്നെ രക്ഷിക്കാനെത്തിയ സൈനികരെപ്പോലും പലരും ഭീകരരാണെന്ന് തെറ്റിദ്ധരിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.

വിനോദസഞ്ചാര കേന്ദ്രമായ ബൈസരൻ പുൽമേട്ടിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾ അടക്കമുള്ള ഒരു കൂട്ടം ആളുകൾ രക്ഷിക്കാനെത്തിയ സൈനികരെ കണ്ടുമുട്ടിയപ്പോഴുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഉറ്റവരെ നഷ്ടപ്പെട്ട് പൊട്ടിക്കരയുകയാണ് സ്ത്രീകൾ അടക്കമുള്ളവർ. ഇവരെ ശാന്തരാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതും പ്രാഥമിക ശുശ്രൂഷ നൽകുന്നതും വീഡിയോയിലുണ്ട്.

തോക്കുമായെത്തിയ സൈനികരെ കണ്ടതോടെ ചിലർ പരിഭ്രാന്തിയിലായി. ഭീകരരാണോയെന്ന് സംശയിച്ച് ജീവനുവേണ്ടി അപേക്ഷിക്കുകയും ചെയ്തു. ഒരു സ്ത്രീ പൊട്ടിക്കരഞ്ഞുകൊണ്ട് 'ദയവായി എന്റെ കുട്ടിയെ ഉപദ്രവിക്കരുത്.'എന്ന് പറഞ്ഞ് കൈകൾ കൂപ്പി അപേക്ഷിച്ചു. ഇന്ത്യൻ ആർമിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നത് വീഡിയോയിൽ കേൾക്കാം.

'ഞങ്ങൾ ഇന്ത്യൻ ആർമിയാണ്. നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്,' ഒരു സൈനികൻ കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീയോട് പറഞ്ഞു. പപ്പാ, പപ്പാ എന്ന് വിളിച്ചുകൊണ്ട് ആ സ്ത്രീയുടെ മകനും കരയാൻ തുടങ്ങി.

തന്റെ ഭർത്താവ് മരിച്ചെന്ന് ആ സ്ത്രീ പറയുന്നുണ്ട്. തുടർന്ന് ആ അവർ ബോധരഹിതയായി. സൈനികർ സ്ത്രീയെ എഴുന്നേൽപ്പിക്കുകയും മറ്റുള്ളവർക്ക് വെള്ളവും സഹായവും നൽകുകയും ചെയ്യുന്നു. ഭർത്താവിന്റെ മരണം ആ സ്ത്രീ കണ്ടിട്ടുണ്ടാകാമെന്നാണ് സൂചന.