ലഹരിക്കേസിൽ ജയിലിൽ പോയതോടെ സൗഹൃദം അവസാനിപ്പിച്ചു, യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Wednesday 23 April 2025 3:05 PM IST

കോഴിക്കോട്: സൗഹൃദം അവസാനിപ്പിച്ചതിന് യുവതിയെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമിനെയാണ് (56) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ജംഷീലയെ പ്രതി കുത്തി വീഴ്‌ത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ജംഷീലയും സലീമും സുഹൃത്തുക്കളായിരുന്നു. എന്നാൽ ലഹരിക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടതിനെത്തുടർന്ന് ജംഷീല പ്രതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ സലീമിനെ റിമാൻഡ് ചെയ്തു.

അതേസമയം, വടകര അഴിയൂരിൽ മദ്യപാനം എതിർത്തതിന് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. അഴിയൂർ സ്വദേശി ആർ കെ ഷിജുവിനാണ് (39) മർദ്ദനമേറ്റത്. പുഴക്കൽ നടേമ്മൽ റോഡിൽവച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ അഞ്ചുപേർക്കെതിരെ ചോമ്പാല പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രി ഷിജു വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

പുഴക്കൽ നടേമ്മൽ പ്രജീഷ്, നടേമ്മൽ രതീഷ്, ശരത്തൂട്ടൻ, കാക്കടവ് നിധിൻ, ശരത് ലാൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. കുറച്ച് ദിവസങ്ങൾക്കുമുൻപ് പ്രതികൾ ഷിജുവിന്റെ വീട്ടിൽ മദ്യപിക്കുന്നതിനായി എത്തിയപ്പോൾ തട‌ഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റ ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.