മാർപ്പാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ, സംസ്‌കാര ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും

Wednesday 23 April 2025 7:02 PM IST

വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭൗതികശരീരം അദ്ദേഹം താമസിച്ചിരുന്ന 'കാസ സാന്റ മാർത്ത'യിൽ നിന്നും തൊട്ടടുത്തുള്ള പ്രസിദ്ധമായ സെന്റ്. പീറ്റേഴ്‌സ് ബസലിക്കയിലേക്ക് എത്തിച്ചു. കത്തോലിക്ക സഭാ വിശ്വാസികളടക്കമുള്ളവർക്ക് ഇവിടെ അന്ത്യോപചാരം അർപ്പിക്കാം.

ബുധനാഴ്‌ച പുലർച്ചയോടെയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭൗതികദേഹം ഇവിടെയെത്തിച്ചത്. ശനിയാഴ്‌ച വരെ മൂന്ന് ദിവസത്തോളം ഇത്തരത്തിൽ ദർശനം തുടരും.അതേസമയം ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ സർക്കാർ ചുമതലപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച നടക്കുമെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചടങ്ങ് ആരംഭിക്കുക. മാർപാപ്പ നിർദേശിച്ചതുപോലെ ലളിതമായ ചടങ്ങുകളായിരിക്കും നടക്കുക. സംസ്‌കാരം നടത്തുന്നതിന് പിന്നാലെ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങും.