കരകയറാനുള്ള തത്രപ്പാടിൽ ക്ഷീര കർഷകർ

Thursday 24 April 2025 1:18 AM IST

കിളിമാനൂർ: പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ക്ഷീരകർഷകർ.പാലുത്പാദനത്തിലുണ്ടായ ഗണ്യമായ കുറവ്, കാലിത്തീറ്റയുടെയും വൈക്കോലിന്റെയും വില വർദ്ധന,പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവ് എന്നിവയാൽ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ചെറുകിട ക്ഷീരസംഘങ്ങളിലും കർഷകരുടെ എണ്ണത്തിൽ ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഉത്പാദനച്ചെലവും വരുമാനവും പൊരുത്തപ്പെടാതെ വന്നതോടെ കർഷകർ പശുക്കളെ വിറ്റു തുടങ്ങി.പൊതുവെ പ്രതിസന്ധി നേരിടുന്ന ക്ഷീരമേഖല വേനലെത്തിയതോടെ തകർച്ചയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. വേനൽച്ചൂടിൽ പുല്ലുകൾ കരിഞ്ഞുണങ്ങിയതോടെ പച്ചപ്പുല്ല് കിട്ടാനില്ലാതായി. ഇത് പാലുത്പാദനം കുറയാനും കാരണമായി. തീറ്റയ്ക്ക് കാലിത്തീറ്റയെയും വൈക്കോലിനെയും മാത്രം ആശ്രയിക്കേണ്ട സ്ഥിതിയായി.

പച്ചപ്പുല്ല് കൊടുക്കുമ്പോൾ കിട്ടുന്നത്ര പാല് കാലിത്തീറ്റ കൊടുക്കുമ്പോൾ ലഭിക്കില്ല. ഒരേ സമയത്ത് തീറ്റച്ചെലവ് കൂടുകയും പാലുദ്പാദനം കുറയുകയും ചെയ്തത് കർഷകരെ വലിയ പ്രതിസന്ധിയിലെത്തിച്ചു. ഇതിനുപുറമെ ചൂട് കൂടിയതോടെ പാലിന്റെ കൊഴുപ്പ് കുറയാൻ തുടങ്ങി.കൊഴുപ്പ് നോക്കിയാണ് ക്ഷീരസംഘങ്ങൾ പാലിന് വില നൽകുന്നത്. പാലിന് കൊഴുപ്പ് കുറഞ്ഞതോടെ കിട്ടുന്ന വിലയിലും കുറവ് വന്നു.ചെറുകിട കർഷകരെയാണ് ഇത് സാരമായി ബാധിക്കുന്നത്.

സഹായം ലഭിക്കണം

വൻകിട ഫാമുകളിൽ ഫാനുകൾ സ്ഥാപിച്ച് തൊഴുത്ത് ശീതീകരിക്കുകയും ഫാമിന്റെ ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങളിൽ പച്ചപ്പുല്ലുകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് വലിയ ചെലവ് വരും. ഏതാനും പശുക്കളെ മാത്രം വളർത്തുന്ന കർഷകർക്കിത് താങ്ങാനാവില്ല. തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെത്തി കറവപ്പശുക്കളെ വാങ്ങി കൊണ്ടുപോകുന്നത് പതിവായിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിൽ നിന്നോ മിൽമയിൽ നിന്നോ സർക്കാർ തലത്തിലോ സഹായം കിട്ടിയെങ്കിൽ മാത്രമേ ക്ഷീരകർഷകർക്ക് പിടിച്ചുനിൽക്കാൻ പറ്റൂവെന്നാണ് കർഷകർ പറയുന്നത്.