വാഗ - അട്ടാരി അതിര്‍ത്തി അടച്ചു, പാക് പൗരന്‍മാര്‍ ഇന്ത്യ വിടണം ഇനി വിസയും നല്‍കില്ല; പാകിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത തീരുമാനങ്ങളുമായി ഇന്ത്യ. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇനി മുതല്‍ വിസ നല്‍കില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. നിലവില്‍ ഇന്ത്യയില്‍ തങ്ങുന്ന പാക് പൗരന്‍മാര്‍ രണ്ട് ദിവസത്തിനകം ഇന്ത്യ വിടണമെന്നതാണ് മറ്റൊരു തീരുമാനം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. പാകിസ്ഥാനിലുള്ള ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതാണ് മറ്റൊരു തീരുമാനം. വാഗ - അട്ടാരി അതിര്‍ത്തി അടച്ച് പൂട്ടാനുള്ളതാണ് മറ്റൊരു സുപ്രധാനമായ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റിയിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ തലസ്ഥാനത്ത് മടങ്ങിയെത്തിയിരുന്നു.
അതേസമയം, ഭീകരാക്രമണത്തിന് പിന്നില്‍ പാക് ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പാക് പിന്തുണയുള്ള റെസിസ്റ്റന്‍സ് ഫ്രണ്ടാണ് ആക്രമണം നടത്തിയത്. 29 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനിലുള്ള ലഷ്‌കര്‍ കമാന്‍ഡര്‍ സെയ്ഫുള്ള കസൂരിയാണ് എന്ന വിവരങ്ങള്‍ പുറത്തുവന്നു. ആക്രമണം നടത്തിയവരേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന വാദമാണ് പാകിസ്ഥാന്‍ ഉന്നയിക്കുന്നത്.
പഹല്‍ഗാം ആക്രമണത്തിന് കാരണക്കാരായവര്‍ക്ക് വ്യക്തവും ശക്തവുമായ മറുപടി ഉടന്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആക്രമണം നടത്തിയവര്‍ മാത്രമല്ല അതിന് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും വ്യക്തവും ശക്തവുമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ദൃഢനിശ്ചയത്തോടെയുള്ള പോരാട്ടം ഉണ്ടാകും. പ്രതിരോധ മന്ത്രി വ്യക്തമാക്കി.