ടിക്കി ടാക്ക വീണ്ടും തുടങ്ങി

Thursday 24 April 2025 6:37 AM IST

ആസിഫ് അലി നായകനായി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ടിക്കി ടാക്കയുടെ രണ്ടാം ഷെഡ്യൂൾ കൊച്ചി ചെല്ലനാത്ത് പുരോഗമിക്കുന്നു.

ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം ആസിഫ് അലിയുടെ കെ.ജി.എഫ് എന്നാണ് വിശേഷിപ്പിക്കുന്നത്.

ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫർ ഉദേനൻസ് ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

ദ റെയ്ഡ് റിഡെംപ്ഷൻ എന്ന ഹോളിവുഡ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഏറെ ശ്രദ്ധ നേടി. വിവിധ ഗെറ്റപ്പിൽ ആസിഫ് അലി എത്തുന്നതാണ് ടിക്കി

ടാക്ക എന്ന ചിത്രത്തിന്റെ പ്രത്യേകത. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബ്‌‌ലീസ് എന്നീ ചിത്രങ്ങൾക്കുശേഷം ആസിഫ് അലിയും രോഹിത് വി.എസും ഒരുമിക്കുകയാണ്. രണ്ടുമാസത്തെ ചിത്രീകരണം കൂടിയുണ്ട്. ലുക്‌മാൻ, വാമിഖ ഗബ്ബി, സഞ്ജന നടരാജ്, ഹരിശ്രീ അശോകൻ, സന്തോഷ് പ്രതാപ് എന്നിവരാണ് മറ്റു താരങ്ങൾ. നസ്ളൻ അതിഥി വേഷത്തിൽ എത്തുന്നു. അതേസമയം മേയിൽ രണ്ട് ചിത്രങ്ങളാണ് ആസിഫ് അലി നായകനായി റിലീസിന് ഒരുങ്ങുന്നത്.

ആഭ്യന്തര കുറ്റവാളിയും സർക്കീട്ടും ആണ് ചിത്രങ്ങൾ. ടിക്കി ടാക്കയ്ക്കുശേഷം ജിസ് ‌ജോയ്, മാത്തുക്കുട്ടി സേവ്യർ എന്നിവരുടെ ചിത്രങ്ങളാണ് ആസിഫ് അലിയെ കാത്തിരിക്കുന്നത്. മധുര മനോഹരമോഹത്തിനുശേഷം സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ആസിഫ് അലി ആണ് നായകൻ.