ഗുരുതര ആരോഗ്യപ്രശ്നങ്ങൾ, അസത്യം പ്രചരിപ്പിക്കരുതെന്ന് പവിത്ര ലക്ഷ്‌മി

Thursday 24 April 2025 6:38 AM IST

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെ താൻ കടന്നുപോകുകയാണെന്ന് വെളിപ്പെടുത്തി നടി പവിത്ര ലക്ഷ്‌മി. അടിസ്ഥാനരഹിതമായ കുപ്രചാരണങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും വ്യക്തമാക്കി. എന്റെ ശാരീരിക അവസ്ഥയെപ്പറ്റിയും ശരീര ഭാരത്തെപ്പറ്റിയും നിരവധി ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഞാൻ പ്ളാസ്റ്റിക് സർജറി ചെയ്തു. ഞാൻ അതും ഇതുമൊക്കെ ചെയ്തു തുടങ്ങിയ തരത്തിലുള്ള അടിസ്ഥാനരഹിതമായ കുപ്രചാരണങ്ങൾ നടത്തുന്നത് തീർത്തും നിരുത്തരവാദപരമാണ്. ചില അഭിപ്രായങ്ങൾ മോശവും ക്രൂരവുമാണ്. എന്നാൽ, അത് എന്താണെന്നു വെളിപ്പെടുത്തുന്നില്ല. വീണ്ടും നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്നാൽ ഞാൻ ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ അതിനുള്ള ചികിത്സയിലാണ്. എനിക്ക് ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ട്. എന്നോടുള്ള യഥാർത്ഥ കരുതലും സ്‌നേഹവും കൊണ്ട് എന്നെ അന്വേഷിക്കുന്നവരോട് ഒരുപാട് നന്ദി. നിങ്ങളുടെ സ്നേഹവും കരുതലും ഈ സമയത്ത് എനിക്ക് ഏറ്റവും വിലപ്പെട്ടതാണ്. എല്ലാ മാദ്ധ്യമങ്ങളോടും വ്യക്തികളോടും എനിക്ക് പറയാനുള്ളത് നിങ്ങളുടെ റീച്ചിനുവേണ്ടി എന്നെക്കുറിച്ച് നുണപ്രചാരണങ്ങൾ നടത്തരുത്. ഇതു കഴിഞ്ഞാലും എനിക്ക് ഒരു ജീവിതവും ഭാവിയുമുണ്ട്. അത് ഇപ്പോഴുള്ളതിനേക്കാൾ കുഴപ്പത്തിലാക്കി എന്നെ ബുദ്ധിമുട്ടിക്കരുത്. നിങ്ങളിൽ നിന്ന് ഞാനിപ്പോൾ ആവശ്യപ്പെടുന്നത് സ്നേഹവും കരുണയും ബഹുമാനവുമാണ്. ഇത്രയും കാലം എനിക്കു തന്ന സ്നേഹ ബഹുമാനങ്ങൾ ഇനിയും ഉണ്ടാകണം. നിങ്ങളുടെ പ്രിയപ്പെട്ട പെൺകുട്ടി പൂർവാധികം കരുത്തോടെ ഉടൻ തിരിച്ചുവരും. പവിത്ര ലക്ഷ്‌മിയുടെ വാക്കുകൾ. 2023ൽ ആണ് പവിത്ര ലക്ഷ്‌മിയുടെ അമ്മയുടെ മരണം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് അമ്മ തന്നെ വളർത്തിയതെന്ന് പവിത്രലക്ഷ്മി പറഞ്ഞിട്ടുണ്ട്. കോയമ്പത്തൂർ ആണ് നാട്. മണിരത്‌നം ചിത്രം ഓകെ കൺമണിയിലൂടെയാണ് അഭിനയ അരങ്ങേറ്റം. ഉല്ലാസം സിനിമയിൽ ഷെയ്‌ൻ നിഗത്തിന്റെ നായികയായി. അദൃശ്യം എന്ന ചിത്രത്തിലും മലയാളത്തിൽ അഭിനയിച്ചു.