ആചാരപ്പെരുമയിൽ അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ മീനമൃത് സമർപ്പണം

Wednesday 23 April 2025 9:44 PM IST

പയ്യന്നൂർ: മാടായി കാവിൽ നിന്നും പയ്യന്നൂർ തെരുവിലെത്തിയ തായി പരദേവതക്കുള്ള നിവേദ്യസമർപ്പണമെന്ന സങ്കൽപ്പത്തിൽ തെരു അഷ്ടമച്ചാൽ ഭഗവതിക്ഷേത്രം കലശമഹോത്സവത്തോടനുബന്ധിച്ച് ആചാരപ്പെരുമയോടെ മീനമൃത് സമർപ്പിച്ചു. ഇന്നലെ ഏഴര വെളുപ്പിന് പെരുമ്പറ മുഴങ്ങിയതോടെയാണ് ക്ഷേത്രത്തിൽ അതിവിശിഷ്ഠമായി കരുതുന്ന ഈ ചടങ്ങുകൾക്ക് തുടക്കമായത്. മദ്ധ്യാഹ്നമായപ്പോഴേക്കും വിവിധ ചടങ്ങുകൾക്കായി ഒമ്പത് തവണ കൂടി പെരുമ്പറ മുഴങ്ങിയതിന് പിന്നാലെ കുട്ടികൾ തൊട്ട് വാർദ്ധക്യദശയിലെത്തിയവർ വരെയുള്ള വിശ്വാസമൂഹം ക്ഷേത്രമുറ്റത്ത് ഒത്തുചേർന്നു. ഭഗവതിയുടെ തിരുമൊഴി മൂത്തചെട്ടിയാരിൽ നിന്ന് ഏറ്റുചൊല്ലിയ സംഘം

മഞ്ഞൾക്കുറി അണിഞ്ഞ് ദേവിയെ തൊഴുത് മൂന്നുതവണ ക്ഷേത്രം വലംവച്ചു. പിന്നാലെ പരമ്പരാഗത വേഷമായ തോർത്ത് മുണ്ട് ധരിച്ച് ചൂരൽ വടികളും വലകളുമായി സംഘം കവ്വായി പുഴ ലക്ഷ്യമാക്കി നീങ്ങി. അക്കരെ കവ്വായിയിലെ മടപ്പള്ളിത്താഴത്ത് ഒത്തുകൂടി മൂന്ന് തവണ മീനമൃത് വിളിച്ചാണ് സംഘം പുഴയിൽ ഇറങ്ങിയത്. ആദ്യം മടപ്പള്ളി താഴത്താണ് വല വിരിച്ചത്. മീൻപിടിത്തം വൈകീട്ട് വരെ നീണ്ടു. ശേഷം കരയ്ക്ക് കയറിയ സംഘം ക്ഷേത്രവിധി പ്രകാരം മീനുകളെ കോർത്ത 21 കോവ മാറ്റി വച്ച് ബാക്കി നാട്ടുകാർക്ക് പ്രസാദമായി നൽകി. മത്സ്യക്കോവകൾ തണ്ടിൽ കെട്ടിയാണ് മീനമൃത് സംഘം ക്ഷേത്രത്തിൽ തിരിച്ചെത്തിയത്. സംഘത്തെ ക്ഷേത്രേശൻമാർ അരിയും കുറിയുമിട്ട് സ്വീകരിച്ചതിന് പിന്നാലെ മീനമൃത് മടപ്പള്ളിയിൽ സമർപ്പിക്കുന്ന ചടങ്ങ് നടന്നു.

പരമ്പരാഗത നെയ്തുകാരായ സമുദായത്തിൽ പെട്ടവർ പ്രാചീന കാലത്ത് വിദേശ വ്യാപാരാർത്ഥം പോകുമ്പോൾ കടൽക്കൊള്ളക്കാരിൽ നിന്നും രക്ഷ നേടുന്നതിനായി ദേവിക്ക് മീൻ പിടിച്ച് നിവേദ്യമായി സങ്കൽപ്പിച്ച് പ്രാർത്ഥിച്ചതിന്റെ ഓർമ്മ പുതുക്കലാണ് മീനമൃത് സമർപ്പണത്തിന് പിറകിലെ ഐതിഹ്യം.

ഇന്ന് രാക്കലശ മഹോത്സവം

ഉത്സവത്തിന്റെ ആറാം ദിവസമായ ഇന്ന് രാക്കലശ മഹോത്സവവും രാത്രി പത്ത് വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വടക്കെ വാതിൽ തുറന്നുള്ള ദേവീ ദർശനവും നടക്കും. തുടർന്ന് തിരുവർക്കാട്ട് ഭഗവതിയുടെയും ക്ഷേത്ര പാലകന്റെയും തെയ്യക്കോലങ്ങളോട് കൂടിയ കലശമെഴുന്നള്ളത്ത്.വെള്ളിയാഴ്ച ഉച്ചക്ക് ഊർബലി പുറപ്പാടും വൈകീട്ട് വീരഭദ്രൻ തെയ്യങ്ങളുടെ മുടിയഴിക്കുന്നതോടു കൂടി ഏഴ് രാവും പകലും നീണ്ട് നിന്ന ഭഗവതിയുടെ കലശ മഹോത്സവത്തിന് സമാപ്തിയാകും.