ഒരു തദ്ദേശസ്ഥാപനപരിധിയിൽ ഒരു ഉത്പ്പന്നവുമായി പദ്ധതി: ലക്ഷ്യം സംരംഭക വിപ്ളവം
കണ്ണൂർ :പ്രാദേശിക വികസനം ലക്ഷ്യമിട്ട് 'ഒരു തദ്ദേശസ്ഥാപനം ഒരു ഉത്പ്പന്നം" പദ്ധതിയുമായി സംസ്ഥാന സർക്കാർ.പദ്ധതിയുമായി ബന്ധപ്പെട്ട മാർഗരേഖക്ക് ഇതിനതം സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ സംരംഭക സാദ്ധ്യതയുള്ള ഉത്പന്നങ്ങൾ കണ്ടെത്തി ഇവയുടെ മൂല്യ വർദ്ധനയെ പ്രോത്സാഹിപ്പിച്ച് ആഗോള വിപണിയുമായി ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
വൺ ലോക്കൽ ബോഡി വൺ പ്രോഡക്ടിന്റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ഓരോ തദ്ദേശ സ്ഥാപനത്തിനും പരമാവധി 50,000 രൂപയാണ് വ്യവസായ വകുപ്പ് വഴി സാമ്പത്തിക സഹായം നൽകുന്നത്.അപേക്ഷയുടെ അടിസ്ഥാനത്തിൽ ഡി.പി.ആർ തയ്യാറാക്കാൻ മുൻകൂറായി 50 ശതമാനം തുക നൽകും. തദ്ദേശ സ്ഥാപന കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡി.പി.ആർ പൂർത്തിയാക്കുന്ന മുറക്ക് ബാക്കി 50 ശതമാനം തുകയും നൽകും.
ഉത്പന്നങ്ങൾ തിരഞ്ഞെടുത്തത് 456 തദ്ദേശസ്ഥാപനങ്ങൾ
സംസ്ഥാനത്തെ 456 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനകം പദ്ധതിക്കായുള്ള ഉത്പ്പന്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉത്പ്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതിനായി ഏജൻസിയുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടെ ന
നടന്നുവരികയാണിപ്പോൾ.ഓരോ തദ്ദേശ സ്ഥാപനത്തിലും പ്രാദേശികമായി ലഭ്യമായ വിഭവങ്ങളുടെ മൂല്യവർദ്ധനയുടെ സാദ്ധ്യത പഠിച്ച് ഡി.പി.ആർ ഉണ്ടാക്കുന്നതാണ് ആദ്യഘട്ടം. പിന്നാലെ പ്രാദേശിക സാമ്പത്തിക വികസനഫണ്ട് ഉപയോഗിച്ച് അവ നടപ്പിലാക്കുന്നതാണ് രണ്ടാംഘട്ടം.തദ്ധേശ സ്ഥാപനങ്ങളിൽ പ്രാദേശിക വിഭവങ്ങളുടെ ലഭ്യതക്കനുസരിച്ച് പദ്ധതി രേഖയുടെ മേഖല വ്യത്യാസപ്പെട്ടിരിക്കും.
സഹായവുമായി വ്യവസായ വകുപ്പ്
പദ്ധതി നടപ്പിലാക്കുന്നത് തദ്ദേശസ്ഥാപനങ്ങൾ വഴിയാണെങ്കിലും വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന് വ്യവസായ വകുപ്പാണ് അരലക്ഷം രൂപ നൽകുന്നത്. സംരംഭകർക്ക് നേരിട്ടുള്ള സഹായം പദ്ധതി വഴി നൽകുന്നില്ല.എങ്കിലും സംസ്ഥാനത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലയിലെ സംരംഭകർക്കായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ പദ്ധതിയുടെ സംരംഭകർക്കും നിബന്ധനകൾക്ക് വിധേയമായി നൽകും.
പദ്ധതി നിർവ്വഹണം
ഡി.പി.ആർ തയ്യാറാകുന്നതിനായിട്ട് തദ്ധേശ സ്ഥാപനങ്ങൾക്ക് വ്യവസായ വകുപ്പ് എംപാനൽ ചെയ്ത ഏജൻസികളുടെ സഹായമോ, പുറമെ നിന്നുള്ള മറ്റു ഏജൻസികളുടെ സഹായമോ സ്വീകരിക്കാം
ഡി.പി.ആർ അംഗീകരിച്ചുകഴിഞ്ഞാൽ സമയപരിധി അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കാം.
പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും പദ്ധതിയുടെ നിരീക്ഷണവും വിലയിരുത്തലും നടത്തേണ്ടതും സുസ്ഥിരത ഉറപ്പാക്കേണ്ടത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.
ഡി.പി.ആർ നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് വ്യവസായ വകുപ്പ് ആവശ്യമായ സാങ്കേതിക ഉപദേശം നൽകും.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, സർക്കാർ എക്സിബിഷനുകൾ, മേളകൾ എന്നിവയുൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ ഒ.എൽ.ഒ.പി ഉത്പ്പന്നങ്ങൾക്ക് വ്യവസായ വകുപ്പിന്റെ പിന്തുണയോടെ വിപണി.