മില്ലുകാരുടെ കടുംപിടിത്തം, നെല്ല് കത്തിച്ച് ക‌ർഷകർ

Thursday 24 April 2025 1:02 AM IST

ആലപ്പുഴ: പുഞ്ചകൃഷിയുടെ നെല്ല് സംഭരണം അവസാനഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കിഴിവിനുവേണ്ടിയുള്ള മില്ലുകാരുടെ തന്ത്രങ്ങളിൽ പൊറുതി മുട്ടി ആലപ്പുഴ നഗരസഭ കൃഷി ഭവൻ പരിധിയിലെ ദേവസ്വംകരി പാടത്ത് നെല്ല് വൈക്കോലുൾപ്പെടെ കത്തിച്ച് കർഷകർ. ഓരുവെള്ളത്തെ തുടർന്ന് നെല്ലിൽ പതിരിന്റെ അളവ് അധികരിച്ചതിനാൽ സംഭരണത്തിന് മില്ലുകാർ തിരിഞ്ഞുനോക്കാതിരുന്നതോടെയാണ് കർഷകർ ഈ കടുംകൈ ചെയ്തത്.

309 ഏക്കറുള്ള പാടശേഖരത്തിലെ 50ഓളം ഏക്കറിലെ നെല്ല് രണ്ടാഴ്ച മുമ്പ് കൊയ്തെങ്കിലും പതിര് അധികമാണെന്നാരോപിച്ച് മില്ലുകാർ സംഭരണത്തിന് തയ്യാറായില്ല. നിവൃത്തിയില്ലാതെ കിലോയ്ക്ക് 15.50 രൂപ ക്രമത്തിൽ നെല്ല് വിൽക്കേണ്ടിവന്ന കർഷകർ ഏറ്രവും ഒടുവിലാണ് കഴിഞ്ഞദിവസം പാടത്തിന് തീയിട്ടത്. ദേവസ്വം കരിയ്ക്ക് പുറമേ കുട്ടനാട്ടിൽ താമസിച്ച് കൃഷി ആരംഭിച്ച പല പാടശേഖരങ്ങളിലും ഇതേ സ്ഥിതിയാണുള്ളത്.

ഓരു വെള്ളത്തിൽ നെല്ല് പതിരായി

 ഏക്കറിന് 40,000 രൂപയിലധികം ചെലവാക്കിയാണ് 60 കർഷകർ ദേവസ്വംകരി പാടശേഖരത്തിൽ കൃഷി ചെയ്തത്

 ജനുവരി 10ന് വിതച്ച പാടത്ത് ഫെബ്രുവരി ആദ്യം മുതൽ ഓരുവെള്ളം കയറിയതാണ് കർഷകർക്ക് ഇരുട്ടടിയായത്

 കൊയ്ത്ത് വരെ 70 ദിവസത്തോളം ഓരുവെള്ളം കയറിക്കിടന്ന പാടത്ത് നെൽച്ചെടികൾ ഉണങ്ങി പതിരായി മാറി

 തോട്ടപ്പളളി, കന്നുകാലിപ്പാലം എന്നിവിടങ്ങളിലെ ഓരുമുട്ടുകളിൽ നിന്ന് ആറുവഴി ഓരുവെള്ളം കയറിയതാണ് കൃഷിനാശത്തിന് കാരണം

 ഓരുമുട്ടുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് കർഷകർ നിവേദനങ്ങൾ നൽകുകയും സമരം നടത്തുകയും ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല

രണ്ടാംകൃഷിയ്ക്ക് വൈക്കോൽ കൊയ്ത് മാറ്രാൻ നിവൃത്തിയില്ല. നെല്ല് മില്ലുകാർക്കും വേണ്ട. പിന്നെ കത്തിച്ചുകളയുകയല്ലാതെ വേറെ വഴിയില്ല. സർക്കാരും കൃഷി വകുപ്പും സപ്ളൈകോയും കർഷകരെ കൈയൊഴിഞ്ഞു

- ദേവസ്വംകരി പാടത്തെ കർഷകർ

കളക്ട്രേറ്റിന് മുന്നിൽ നെല്ല് പുഴുങ്ങി സമരം

നെല്ല് സംഭരണത്തിൽ മില്ലുകാരുടെ കിഴിവ് കൊള്ളയ്ക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടും നെല്ലിന്റെ വില വൈകുന്നതിൽ പ്രതിഷേധിച്ചും ആലപ്പുഴ നഗരസഭ പരിധിയിൽ വരുന്ന പാടശേഖരസമിതികളുടെ സംയുക്ത സമിതിയുടെയും നെൽ കർഷക സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നെല്ല് പുഴുങ്ങി കർഷകർ പ്രതിഷേധിച്ചു. നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റെജീന അഷറഫ് ഉദ്ഘാടനം ചെയ്തു. സോണിച്ചൻ പുളിങ്കുന്ന്, ആർ.സുനിൽ, വി.ജെ ലാലി,എൻ.വി.കൃഷ്ണ മൂർത്തി, ജോസ് കാവനാട്, ലാലച്ചൻ പള്ളിവാതുക്കൽ, പി.വേലായുധൻ നായർ, ജയൻ തകഴി, വിശ്വനാഥപിള്ള , ജി.സൂരജ്, ജോസ് മുക്കം, ജിക്കുകുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.