കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിന് എടത്വയിൽ തുടക്കം

Thursday 24 April 2025 2:02 AM IST

ആലപ്പുഴ : പ്രൊഫഷണൽ മാനദണ്ഡങ്ങളോടെ മിതമായ നിരക്കിൽ വാഹനമോടിക്കാൻ പഠിപ്പിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ആദ്യ ഡ്രൈവിംഗ് സ്കൂൾ എടത്വയിൽ ആരംഭിച്ചു. എടത്വ ഡിപ്പോയുടെ രണ്ടര ഏക്കർ സ്ഥലത്താണ് ഡ്രൈവിംഗ് പരിശീലന സൗകര്യമൊരുക്കിയിരിക്കുന്നത്. പഠിതാക്കളെ ഉൾക്കൊള്ളിച്ച് വാട്സാപ്പ് ഗ്രൂപ്പും ആരംഭിച്ചു.

ഇതിനകം നൂറ്റമ്പതോളം പേർ ഡ്രൈവിംഗ് പരിശീലനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ജീവനക്കാരുടെ ത്രിദിന പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് ക്ലാസുകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ കാറിന്റെയും ഹെവി വാഹനത്തിന്റെയും പരിശീലനം നൽകും. ടൂ വീലർ അനുവദിച്ച് കിട്ടുന്ന മുറയ്ക്കാവും പരിശീലനം ആരംഭിക്കുക. ഡ്രൈവിംഗ് പാഠപുസ്തകം, ഡ്രൈവിംഗ് പഠനത്തിനുള്ള ആപ്പ്, മോക് എക്‌സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയവയടക്കം എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാണ് സ്‌കൂളിന്റെ പ്രവർത്തനം. ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം തോമസ് കെ.തോമസ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ സ്കൂളിന് അനുവദിച്ചു.

40 ശതമാനം ഫീസിളവ്

 ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ 16ാമത്തെയും കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളാണിത്

 സ്വകാര്യ സ്ഥാപനങ്ങളെക്കാൾ 40 ശതമാനം ഫീസിളവുള്ളത് പഠിതാക്കൾക്ക് സഹായകരമാകും

 പരിശീലനത്തിന് ആൾട്ടോ കെ10 കാർ, ബസ്, ഹീറോ ബൈക്ക്, ഗിയറില്ലാത്ത സ്കൂട്ടർ എന്നിവയുണ്ടാകും

 ഓരോ ഇൻസ്ട്രക്ടർമാരാണ് ക്ലാസ് നയിക്കുകയെങ്കിലും പഠിതാക്കളുടെ എണ്ണം കൂടിയാൽ കൂടുതൽ പരിശീലകരെ അനുവദിക്കും

പരിശീലന നിരക്ക് (രൂപയിൽ)

(വാഹനം, ജനറൽ വിഭാഗം,പട്ടിക ജാതി/ പട്ടികവർഗ്ഗവിഭാഗം എന്നക്രമത്തിൽ)

 കാർ - 9000 - 7200

 ടൂ വീലർ (ഗിയർ ഉള്ളതും, ഇല്ലാത്തതും ഒരേ നിരക്ക്) - 3500 - 2800

 ഹെവി വാഹനം - 9000 - 7200

 ടൂ വീലർ + കാർ പ്രത്യേക പാക്കേജ് - 11000 - 8800

ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് എടത്വ യൂണിറ്റിൽ സ്കൂൾ ആരംഭിച്ചിരിക്കുന്നത്

- എടത്വ ഡിപ്പോ അധികൃതർ