പയ്യാമ്പലത്ത് ശവസംസ്കാരം വൈകിയതിൽ നടപടി ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി

Wednesday 23 April 2025 10:18 PM IST

കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിലെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിൽ വീഴ്ച പറ്റിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയതായി മേയർ. ശ്മശാനത്തിലേക്ക് ആവശ്യമായ വിറക്, ചിരട്ട എന്നിവ യഥാസമയം എത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിന് വകുപ്പുതല നടപടി സ്വീകരിക്കും.

നടപടിക്ക് നിർദ്ദേശം നൽകിയതായി മേയർ മുസ്ലീഹ് മഠത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വിറക് ഇല്ലാത്തതിനെ തുടർന്നും കഴിഞ്ഞ മാസം ചിരട്ട ഇല്ലാത്തതിനെ തുടർന്നും പയ്യാമ്പലത്ത് സംസ്കാരം വൈകിയിരുന്നു. ഇരു സന്ദർഭങ്ങളിലും വലിയ പ്രതിഷേധമാണ് കോർപറേഷനെതിരെ ഉയർന്നത്. സി.പി.എം, ബി.ജെ.പി പ്രവർത്തകരും മരിച്ചവരുടെ ബന്ധുക്കളും കടുത്ത വിമർശനമാണ് ശ്മശാന നടത്തിപ്പിലെ അലംഭാവത്തിനെതിരെ ഉയർത്തിയത്. വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കോർപറേഷൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അതെ സമയം ശവദാഹത്തിൽ പോലും സി.പി എമ്മും ബി.ജെ.പിയുമെന്നും രാഷ്ട്രീയം കലർത്തുകയാണെന്നും മേയർ ആരോപിച്ചു.