പൂട്ടിക്കിടന്ന അപ്പാർട്ട്‌മെന്റിൽ നിന്ന് കവർന്നത് 10 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും

Thursday 24 April 2025 12:26 AM IST

ആലുവ: പൂട്ടിക്കിടന്ന അപ്പാർട്ട്‌മെന്റിൽ നിന്ന് 10 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും കവർന്നു. തായിക്കാട്ടുകര കമ്പനിപ്പടി ഫെഡറൽ അപ്പാർട്ട്‌മെന്റ് ബി 3യിൽ താമസിക്കുന്ന ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ സ്വർണവും പണവുമാണ് നഷ്ടമായത്.

അലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12ന് നാട്ടിലേക്ക് പോയതാണ്. ചൊവ്വാഴ്ച അർദ്ധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. ഇവരുടെ വീട്ടിലെ ജോലിക്കാരൻ നേപ്പാൾ സ്വദേശി ഷിബു ഷഹാനിയെയും കാണാതായിട്ടുണ്ട്. ബെംഗളൂരുവിൽ പുതിയ ജോലിക്ക് കയറിയെന്ന് ഇയാൾ വീട്ടുകാരെ അറിയിച്ചിരുന്നു. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

കൃഷ്ണൻ ബെൻസലിന് പുറമെ ഭാര്യ കിരൺ ബെൻസൽ, മക്കളായ ശുഭം, ഹാർദിക് എന്നിവരാണ് അപ്പാർട്ട്മെന്റിലെ താമസക്കാർ. മൂന്നാം നിലയിലെ വീടിന്റെ ജനൽ കുത്തി തുറന്ന നിലയിലാണ്. ഇവിടേക്ക് കയറാൻ വലിയ ഏണി എത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഇന്നലെ വീട് പരിശോധിച്ചു. വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. വീടിനകത്തെ മൂന്ന് അലമാര കുത്തിപ്പൊളിച്ചാണ് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കവർന്നത്. 25 വർഷമായി ബെൻസൽ കുടുംബം കേരളത്തിൽ സ്റ്റീൽ ബിസിനസ് നടത്തിവരുകയാണ്.

ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.