നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കൽ: കർശന നടപടിയുമായി പൊലീസ്

Thursday 24 April 2025 4:02 AM IST

തിരുവനന്തപുരം:നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. തിരുവനന്തപുരം റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിൽ 84 വാഹനങ്ങൾ പിടിച്ചെടുത്തു. കിളിമാനൂർ,വെഞ്ഞാറമൂട്,​വർക്കല,നെടുമങ്ങാട്,​പൊഴിയൂർ,നെയ്യാറ്റിൻകര,നരുവാമൂട് പൊലീസ് സ്റ്റേഷനുകളിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങളുടെ താക്കോലുകളും 86 ആർ.സി ബുക്കുകളും രണ്ട് പ്രമാണങ്ങളും 14 ചെക്കുകളും 14 പ്രോമിസറി നോട്ടുകളും, മൂന്ന് ഡ്രൈവിംഗ് ലൈസൻസുകളും 1 പാസ്പോർട്ടും 1 ബാങ്ക് പാസ് ബുക്കും ഉൾപ്പെടെ 122 രേഖകൾ പിടിച്ചെടുത്തു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി അനധികൃത പലിശക്കാർ പ്രവൃത്തിക്കുന്നതായി കണ്ടെത്തിയതോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 35 എസ്.എച്ച്.ഒമാർ ഉൾപ്പെടെ 130ഓളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2ന് ആരംഭിച്ച പരിശോധന രാത്രി 10 വരെ നീണ്ടൂ. പരിശോധന വീണ്ടും തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ അറിയിച്ചു.